ഖംനേയിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച കശ്മീര്‍ സ്വദേശി മൂന്നു മാസത്തിന് ശേഷം സൗദി ജയിലില്‍ നിന്ന് മോചിതനായി

ഖംനേയിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച കശ്മീര്‍ സ്വദേശി മൂന്നു മാസത്തിന് ശേഷം സൗദി ജയിലില്‍ നിന്ന് മോചിതനായി


ബാരാമുള്ള: കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് പിന്നാലെ സൗദി അറേബ്യയില്‍ കസ്റ്റഡിയിലായ ജമ്മു കശ്മീരിലെ ബാരാമുള്ള സ്വദേശിയായ 29-കാരന്‍ അംജദ് അലി ഭട്ട് മൂന്ന് മാസത്തിന് ശേഷം മോചിതനായി നാട്ടിലെത്തി. ഔദ്യോഗിക വിശദീകരണമൊന്നും നല്‍കാതെയാണ് സൗദി അധികൃതര്‍ തന്നെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതെന്നും കുടുംബവുമായി ബന്ധപ്പെടാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും അംജദ് പറഞ്ഞു.

സൗദിയിലെ കിഴക്കന്‍ നഗരമായ ദമ്മാമില്‍ ജോലി ചെയ്യുകയായിരുന്ന അംജദിനെ മാര്‍ച്ച് 25നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജോലിസ്ഥലത്ത് നിന്ന് ചോദ്യം ചെയ്യലിനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെയെത്താമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ മാര്‍ച്ച് മാസത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ആയത്തുല്ല അലി ഖംനേയിയുടെ ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യങ്ങള്‍. കസ്റ്റഡിയില്‍ കഴിയുന്ന മുഴുവന്‍ സമയവും കുടുംബവുമായി ബന്ധപ്പെടാനോ പുറത്തുള്ളവരുമായി ആശയവിനിമയം നടത്താനോ അനുവാദമുണ്ടായിരുന്നില്ലെന്ന് അംജദ് വ്യക്തമാക്കി.

ജൂണ്‍ 25-നാണ് മോചിപ്പിച്ച് ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് സൗദി അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് റിയാദില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കുകയും അവിടെ നിന്ന് അംജദ് ബാരാമുള്ളയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്തു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയി 2026 ഫെബ്രുവരിയില്‍ അമേരിക്ക- ഇസ്രായേല്‍ സംയുക്ത സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പശ്ചാത്തലത്തിലാണ് അംജദിന്റെ അറസ്റ്റ് നടന്നത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഖംനേയയുടെ ചിത്രം അംജദ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അംജദിന്റെ കസ്റ്റഡിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ കുടുംബം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റിയാദിലെ ഇന്ത്യന്‍ എംബസി എന്നിവരെയും ജമ്മു കശ്മീര്‍ എം പി ആഗാ റുഹുള്ള മെഹ്ദിയെയും സമീപിച്ച് ഇടപെടല്‍ തേടിയിരുന്നു.