ന്യൂഡല്‍ഹി: വ്യവസായ സംരംഭകര്‍ക്ക് സൗഹാര്‍ദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതില്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) കേരളം രാജ്യത്ത് ഒന്നാമത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തുന്നത്. കേരളത്തിനുള്ള പുരസ്‌ക്കാരം വ്യവസായ മന്ത്രി പി രാജീവ് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് ഏറ്റുവാങ്ങി.
കേന്ദ്രം നിര്‍ദേശിച്ച 434 റിഫോംസുകളില്‍ 430 എണ്ണവും നടപ്പാക്കിയ കേരളം 99.3 റിഫോംസും നടപ്പാക്കിയെന്ന് വ്യവസായമന്ത്രി പി രാജീവ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തവണ ഫാസ്റ്റ് മൂവേഴ്സ്, ആസ്പിരന്റ്സ്, ആസ്പേഴ്സ് എന്നീ മൂന്നുവിഭാഗങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഉന്നത ശ്രേണിയായ ഫാസ്റ്റ് മൂവേഴ്സില്‍ ഉള്‍പ്പെട്ട കേരളം പദവി നിലനിര്‍ത്തുകയായിരുന്നു. കേരളത്തെ കേന്ദ്രവാണിജ്യമന്ത്രി പൂയൂഷ് ഗോയല്‍ യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.
വ്യവസായ പരിഷ്‌ക്കാര കര്‍മപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികള്‍ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തിന്റെ വ്യവസായ ചിത്രത്തില്‍ ഒരിടത്തും മുമ്പ് കേരളം ഉണ്ടായിരുന്നില്ലാത്ത ഇടത്തുനിന്നാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ രാജ്യത്തെ പ്രധാന വ്യവസായ ഭൂമികയായി സംസ്ഥാനത്തെ മാറ്റിയത്.
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ 2020ല്‍ കേരളം 28-ാം സ്ഥാനത്തായിരുന്നു. 2021ല്‍ 13 പടികള്‍ കയറി കേരളം 15-ാമത് എത്തി. 2022- 23 വര്‍ഷത്തെ പട്ടികയില്‍ ഒറ്റയടിക്ക് 14 പടികള്‍ കയറിയാണ് കേരളം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
