അങ്കാറ/ ടിബിലിസി: അസര്‍ബൈജാനില്‍ നിന്ന് മടങ്ങുകയായിരുന്ന തുര്‍ക്കി സൈനിക ചരക്കുവിമാനം ജോര്‍ജിയയില്‍ തകര്‍ന്നുവീണതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച ഇ130 ഹെര്‍ക്കുലസ് വിമാനത്തില്‍ പൈലറ്റുകള്‍ ഉള്‍പ്പെടെ 20 സൈനികരാണുണ്ടായിരുന്നത്. എല്ലാവരും അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു.
ജോര്‍ജിയ- അസര്‍ബൈജാന്‍ അതിര്‍ത്തിക്കു സമീപമാണ് വിമാനം തകര്‍ന്നത്. അപകടത്തിന് മുമ്പ് വിമാനം വായുവില്‍ ചുറ്റിനടക്കുന്നതും പിന്നീട് നിലത്തേക്ക് പതിക്കുന്നതും കാണിക്കുന്ന ദൃശ്യങ്ങള്‍ അസര്‍ബൈജാനിലെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപകടസ്ഥലത്തു നിന്നും ചിത്രീകരിച്ച വീഡിയോകളില്‍ കത്തി നശിച്ച അവശിഷ്ടങ്ങളുണ്ട്.
മാധ്യമങ്ങളോട് അപകടത്തിന്റെ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ തുര്‍ക്കി പ്രതിരോധ മന്ത്രാലയം അഭ്യര്‍ഥിച്ചു.
തുര്‍ക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗാന്‍ മരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. ജോര്‍ജിയന്‍ അധികാരികളുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എര്‍ദോഗാന്‍ പറഞ്ഞു.
അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും തുര്‍ക്കിക്ക്് അനുശോചനം അറിയിച്ചു. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാക്കന്‍ ഫിദാന്‍ ജോര്‍ജിയന്‍ ഉദ്യോഗസ്ഥരുമായി രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി സംബന്ധിച്ച് സംസാരിച്ചു.
ജോര്‍ജിയയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം അപകടം സിഗ്‌നാഘി പ്രദേശത്ത് ജോര്‍ജിയ- അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു.
