പ്രയാഗ്രാജിലെ നദിയില്‍ വലിയ അളവില്‍ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച് സിപിസിബി

പ്രയാഗ്രാജിലെ നദിയില്‍ വലിയ അളവില്‍ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച് സിപിസിബി


ന്യൂഡല്‍ഹി : കുംഭമേള തീര്‍ഥാടകര്‍ കുളിക്കുന്ന പ്രയാഗ്രാജിലെ നദിയില്‍ വലിയ അളവില്‍ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം. മനുഷ്യ, മൃഗ വിസര്‍ജ്യങ്ങളില്‍ കാണാറുള്ള കോളിഫോം ബാക്റ്റീരിയയുടെ അളവ് നദീജലത്തില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടന്നും ഇത് ആശങ്കാജനകമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. അനുവദനീയമായതിലും 1400 മടങ്ങ് കോളിഫോം ബാക്ടീരിയയാണ് ഇവിടെയുള്ളത്. നദീജലം കുളിക്കാന്‍ നല്ലതല്ലെന്നും ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.

നദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത സാമ്പിളുകളിലെല്ലാം ബാക്റ്റീരിയയുടെ അളവ് വളരെ കൂടുതലാണ്. മലിനീകരണം നിയന്ത്രിക്കാന്‍ ഇടപെടാത്ത ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.

നദീജലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തില്‍, അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഹാജരാകണമെന്നും ഉത്തരവിട്ടു.

എന്നാല്‍, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് തള്ളി. കുംഭമേളയെ കരിവാരിത്തേക്കാനുള്ള നീക്കമാണിതെന്നും 'സംഗ'മിലെവെള്ളം കുളിക്കാനും കുടിക്കാനും അനുയോജ്യമാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.