ആന്ധ്രയില്‍ റിഫൈനറി; ചന്ദ്രബാബു നായിഡുവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി 60,000 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച് മോഡി

ആന്ധ്രയില്‍ റിഫൈനറി; ചന്ദ്രബാബു നായിഡുവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി 60,000 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച് മോഡി


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമ്മിലുള്ള കൂടികാഴ്ചയ്ക്കു പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് സൂചന. 60,000 കോടി മുതല്‍മുടക്കില്‍ ആന്ധ്രയില്‍ ഓയില്‍ റിഫൈനറി സ്ഥാപിക്കണമെന്ന നായിഡുവിന്റെ ആവശ്യത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.

ബുധനാഴ്ച ഭാരത് പെട്രോളിയം ഉദ്യോഗസ്ഥരുമായി നായിഡു ഇക്കാര്യം ചര്‍ച്ച ചെയ്തു. മൂന്ന് സ്ഥലങ്ങളാണ് റിഫൈനറി സ്ഥാപിക്കാനായി പരിഗണിക്കുന്നത്. ശ്രീകാകുളം, മച്ചിലിപട്ടണം, രാമായപട്ടണം എന്നീ സ്ഥലങ്ങളാണ് സജീവ പരിഗണനയിലുള്ളത്. ജൂലൈ 23ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

ബജറ്റില്‍ ഏത് സ്ഥലത്ത് റിഫൈനറി സ്ഥാപിക്കുമെന്നതില്‍ പ്രഖ്യാപനമുണ്ടാവില്ല. പരിഗണിക്കുന്ന മൂന്ന് സ്ഥലങ്ങളിലും രണ്ട് മാസത്തോളം പഠനം നടത്തിയാവും എവിടെ റിഫൈനറി സ്ഥാപിക്കുമെന്നതില്‍ അന്തിമ തീരുമാനമുണ്ടാവുക. പ്രധാനമന്ത്രിയുമായും പെട്രോളിയം മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ നായിഡു റിഫൈനറിയെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

16 എം.പിമാരാണ് നായിഡുവിന്റെ പാര്‍ട്ടിക്ക് എന്‍.ഡി.എയില്‍ ഉള്ളത്. കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ അനിവാര്യമാണ്. അതേസമയം, ഓയില്‍ റിഫൈനറിക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും ഇതിന് 60,000 കോടി വരെ ചെലവ് വരുമെന്നും പദ്ധതിക്കായി 5,000 ഏക്കര്‍ ഭൂമി വേണ്ടി വരുമെന്നും നായിഡു എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.