ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി, പഹല്‍ഗാം ഭീകരാക്രമണം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ എന്നിവയെ കുറിച്ചൊക്കെ പ്രധാനമന്ത്രി വിശദമായി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
പഹല്‍ഗാം ഭീകരാക്രമണം നടക്കുന്ന സമയം സൗദിയിലായിരുന്ന പ്രധാനമന്ത്രി സന്ദര്‍ശനം നിര്‍ത്തിവെച്ച് ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. പിന്നീട് വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നുവെങ്കിലും കശ്മീര്‍ സന്ദര്‍ശിക്കുകയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയോ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല.
രണ്ടു തവണ സര്‍വകക്ഷി യോഗം ചേര്‍ന്നുവെങ്കിലും വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശനവും നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയെ രാജ്യം ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റേയും ഓപറേഷന്‍ സിന്ദൂറിന്റേയും പശ്ചാതലത്തില്‍ പാര്‍ലമെന്റ് ചേരണമെന്ന് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും ഖാര്‍ഗേയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.