കൊച്ചി: ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങള്‍ തേടി കൊച്ചി നേവല്‍ ബേസിലേക്ക് ഫോണ്‍ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയോടെയാണ് ഇയാളെ കോഴിക്കോട്ട് നിന്നും പിടികൂടിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി നേവല്‍ ബേസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞ് ഫോണ്‍ കോള്‍ എത്തിയത്. രാഘവന്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നേവല്‍ ബേസ് അധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഹാര്‍ബര്‍ പൊലീസ് കേസെടുത്തത്. ഇന്ത്യ- പാക്കിസ്ഥാന്‍ ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഫോണ്‍ കോള്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കൊച്ചി സിറ്റി കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. 2021 മുതല്‍ മാനസിക രോഗത്തിന് ചികിത്സ തേടിയതായും മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎന്‍എസ് 319 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.