ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതയ്ക്ക് യുഎസ് സന്നദ്ധത പ്രകടിപ്പിച്ചതിനിടയില്‍ ഒരുഘട്ടത്തിലും രാജ്യങ്ങള്‍ തമ്മിലെ വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് പരാമര്‍ശമോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ.
യുഎസ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകളില്‍ 'വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ട്രംപിന്റെ ഈ വാദം തള്ളി.
'അമേരിക്കയുടെ അവകാശവാദത്തെ ഇന്ത്യ നിരാകരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷം, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് മെയ് 9 ന് പ്രധാനമന്ത്രി മോഡിയുമായി സംസാരിച്ചു. മെയ് 8 നും 10 നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും മെയ് 10 ന് ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംസാരിച്ചു. ഈ ചര്‍ച്ചകളിലൊന്നും വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല,'- സര്‍ക്കാര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പരസ്പരം സൈനിക നടപടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും വ്യാപാര ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു, അദ്ദേഹത്തിന്റെ ഇടപെടല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിച്ചു എന്നാണ് സൂചന.
ഇന്ത്യയുമായും പാകിസ്താനുമായും നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും അതിനാല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് താന്‍ ഇരുരാജ്യങ്ങളോടും പറഞ്ഞതെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങളുമായും തങ്ങള്‍ ഒരു വ്യാപാരവും നടത്തില്ലെന്ന് പറഞ്ഞുവെന്നും ട്രംപ് അറിയിച്ചിരുന്നു. തന്റെ നിലപാടാണ് വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളെയും പ്രേരിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തിങ്കളാഴ്ച ചര്‍ച്ചകള്‍ നടത്തി, വെടിനിര്‍ത്തല്‍ തുടരാനും 'പരസ്പരം ആക്രമണാത്മകവും ശത്രുതാപരമായതുമായ നടപടികള്‍' ആരംഭിക്കുന്നത് ഒഴിവാക്കാനും പരസ്പരം സമ്മതിച്ചു.
'ഇന്ത്യയുടെയും പാകിസ്താന്റെയും ഡിജിഎംഒമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ 2025 മെയ് 12 വൈകുന്നേരം 5 മണിക്ക് നടന്നു. ഇരുപക്ഷവും വെടിയുതിര്‍ക്കുകയോ പരസ്പരം ആക്രമണാത്മകവും ശത്രുതാപരമായതുമായ നടപടികള്‍ ആരംഭിക്കുകയോ ചെയ്യരുതെന്ന പ്രതിജ്ഞാബദ്ധത തുടരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു,' ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനുശേഷമാണ് പ്രതികാരമായി, പാകിസ്താനിലെ ഒമ്പത് ഭീകര ക്യാമ്പുകളെയും പാകിസ്താന്‍ അധിനിവേശ കശ്മീരിനെയും ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ഇത് ഇരു രാജ്യങ്ങളും പരസ്പരം സൈനിക നടപടികള്‍ ആരംഭിക്കുന്നതിലേക്ക് നയിക്കുകയും പിന്നീട് യുഎസ് ഇടപെടലിനെ തുടര്‍ന്ന് വെടിനിര്‍ത്തലിന് സമ്മതിക്കുകയും ചെയ്തത്.
ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പ്രയോഗിച്ചത് വ്യാപാര ഉപരോധ ഭീഷണിയാണെന്ന ട്രംപിന്റെ വാദം തള്ളി ഇന്ത്യ
