അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം പൈലറ്റുമാര്‍ കൂട്ടഅവധിയിലെന്ന് മന്ത്രി

അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം പൈലറ്റുമാര്‍ കൂട്ടഅവധിയിലെന്ന് മന്ത്രി


ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിനു ശേഷം എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ കൂട്ട അവധിയില്‍ പോയതായി റിപ്പോര്‍ട്ട്. 112 പൈലറ്റുമാരാണ് മെഡിക്കല്‍ ലീവ് എടുത്ത് അവധിയില്‍ പോയതെന്ന് വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോള്‍ ലോക്സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അപകടം നടന്ന് നാലു ദിവസത്തിന് ശേഷം 51 കമാന്‍ഡര്‍മാരും 61 ഫ്‌ളൈറ്റ് ഓഫീസര്‍മാരുമാണ് അവധിക്ക് അപേക്ഷിച്ചത്. വിമാന ജീവനക്കാര്‍ക്കും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കും പരിശീലനം നല്‍കാനും മാനസികാരോഗ്യം വിലയിരുത്തുന്നതിനും ഉറപ്പാക്കുന്നതിനും വിമാനക്കമ്പനികള്‍ക്ക് 2023 ഫെബ്രുവരിയില്‍ നോട്ടീസ് നല്‍കിയിരുന്നതായും വ്യോമയാനസഹമന്ത്രി അറിയിച്ചു.

കൂടാതെ ഏത് പ്രശ്നത്തെയും തിരിച്ചറിയുന്നതിലും നേരിടുന്നതിലും ഫ്‌ളൈറ്റ് ക്രൂ/ എ ടി സി ഒമാരെ (എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍മാര്‍) സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പിയര്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചതായി വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോള്‍ അറിയിച്ചു.

മെയ് 22നായിരുന്നു സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫിനിടെ തകര്‍ന്നത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ എന്‍ജിനുകളിലേക്കുള്ള ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരായിരുന്നു അന്ന് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.