ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ചര്‍ച്ചയില്ലെന്ന് രാഹുല്‍ ഗാന്ധി; ലോക്സഭയില്‍ മൈക്ക് ഓഫ് ചെയ്‌തെന്നും ആരോപണം

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ചര്‍ച്ചയില്ലെന്ന് രാഹുല്‍ ഗാന്ധി; ലോക്സഭയില്‍ മൈക്ക് ഓഫ് ചെയ്‌തെന്നും ആരോപണം


ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാണെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയാതെ യാതൊരു ചര്‍ച്ചയിലും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മൂന്നാം ദിവസവും ലോക്സഭ നടപടികള്‍ തടസ്സപ്പെട്ട് സഭ പിരിഞ്ഞതിനു പിന്നാലെ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അടുത്ത സമ്മേളനം ജൂലൈ 27 തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ചേരുക.

ലോക്സഭയില്‍ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞെങ്കിലും മറുപടി പറയാന്‍ തന്നെ അനുവദിച്ചില്ലെന്നും സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ മൈക്ക് ഓഫ് ചെയ്തുവെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

ഒരാളുടെ പേര് സഭയില്‍ പരാമര്‍ശിക്കുമ്പോള്‍ മറുപടി പറയാന്‍ അവസരം നല്‍കുന്നതാണ് സാധാരണ പാര്‍ലമെന്ററി ചട്ടമെന്നും എന്നാല്‍ താന്‍ പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്യുകയും സംസാരിക്കാന്‍ അവസരം നിഷേധിക്കുകയും ചെയ്തുവെന്ന അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷാ വിവാദത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍ക്കാരിന് മുന്നില്‍ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒന്നാമതായി, അഴിമതിക്ക് ഉത്തരവാദിയെന്ന് ആരോപിക്കുന്ന വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം. രണ്ടാമതായി, പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മൂന്നാമതായി, വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരസ്യമായി മാപ്പുപറയണം. ഈ മൂന്ന് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ പ്രതിപക്ഷം സര്‍ക്കാരുമായി യാതൊരു ചര്‍ച്ചയിലും പങ്കെടുക്കില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പുറത്താകുന്നതുവരെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ കോണ്‍ഗ്രസ് എം പി കാര്‍ത്തി പി ചിദംബരം വിമര്‍ശിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതികളും ഉള്‍പ്പെടുന്ന ബില്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

ഇത്തരം നടപടികള്‍ കുറ്റകൃത്യം നടന്നതിന് ശേഷമുള്ള പ്രതികരണങ്ങള്‍ മാത്രമാണെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ മുന്‍കൂട്ടി തടയാന്‍ സര്‍ക്കാര്‍ എന്ത് സംവിധാനമാണ് ഒരുക്കുന്നതെന്ന് ഇപ്പോഴും വ്യക്തതയില്ലെന്നും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്നത് ചോര്‍ച്ചകള്‍ തടയുകയല്ല, സംഭവിച്ചതിന് ശേഷമുള്ള നടപടികള്‍ മാത്രമാണെന്നും അദ്ദേഹം എ എന്‍ ഐയോട് പറഞ്ഞു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രതിപക്ഷം വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. അതേസമയം പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ തടയുന്നതിനായി നിയമപരവും സ്ഥാപനപരവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.