ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണം; അഭ്യര്‍ത്ഥന നടത്തി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്‍

ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണം; അഭ്യര്‍ത്ഥന നടത്തി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്‍


ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയായ എക്‌സില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു കൊണ്ടാണ് സസ്ലീമ തന്നെ രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

''പ്രിയപ്പെട്ട അമിത്ഷാജി, ഞാന്‍ ഈ മഹത്തായ രാജ്യത്തെ സ്‌നേഹിക്കുന്നതിനാലാണ് ഞാന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇത് എന്റെ രണ്ടാമത്തെ വീടാണ്. ജൂലൈ 22 മുതല്‍ ആഭ്യന്തര മന്ത്രാലയം എന്റെ താമസാനുമതി നീട്ടിനല്‍കുന്നില്ല. അതിനാല്‍ ഞാന്‍ വളരെ വിഷമത്തിലാണ്. ഇവിടെ തുടരാന്‍ അനുവദിച്ചാല്‍ അതിന് ഞാന്‍ നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും''- തസ്ലീമ കുറിച്ചു.

തന്റെ വിവാദ രചനകളുടെ പേരില്‍ സ്വന്തം നാട്ടില്‍ വധഭീഷണിയും പീഡനവും നേരിട്ടതിനാലാണ് 1994ല്‍തസ്ലീമ നസ്രിന്‍ ബംഗ്ലാദേശ് വിട്ടത്. ആത്മകഥയായ 'ലജ്ജ'(1993), 'അമര്‍ മെയേബെല' (1998) എന്നിവയുള്‍പ്പെടെ തസ്ലീമയുടെ നിരവധി പുസ്തകങ്ങള്‍ പേരില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള ബംഗാളി ഹിന്ദുക്കളുടെ അക്രമം, ബലാത്സംഗം, കൊള്ളകള്‍, കൊലപാതകങ്ങള്‍ എന്നിവ വിശദമായി പ്രതിപാദിച്ചതിനായിരുന്നു ആത്മകഥ കടുത്ത വിമര്‍ശനത്തിന് വിധേയമായത്.2004 മുതല്‍ ഇന്ത്യ അവര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു.

സ്വീഡിഷ് പൗരത്വമുള്ള അവര്‍ 30 വര്‍ഷമായി അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞത്. 2004ല്‍ ഇന്ത്യയില്‍ (കൊല്‍ക്കത്ത) താമസിക്കാന്‍ അനുവാദം നല്‍കി. ഇത് ഇടയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കിയിരുന്നെങ്കിലും 2008ല്‍ മുസ്ലിം സംഘടനകളുടെ ഭീഷണികളെ തുടര്‍ന്ന് വിദേശത്തേക്കു പോകേണ്ടി വന്നു. 2011ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ തസ്ലീമയ്ക്ക് ഡല്‍ഹിയിലെ രഹസ്യ മേല്‍വിലാസത്തിലായിരുന്നു പിന്നീട് താമസ സൗകര്യം ഒരുക്കിയത്. 2014 എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ താമസാനുമതി റദ്ദാക്കി. ഇതോടെ 2015ല്‍ അവര്‍ അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. ഇതിനുശേഷം വിവിധ രാജ്യങ്ങളില്‍ മാറിമാറി താമസിക്കുന്നത് തസ്ലീമ തുടരുകയായിരുന്നു.