ദമ്പതികള്‍ക്ക് 16 മക്കള്‍ വേണമെന്ന് സ്റ്റാലിന്‍; പ്രസ്താവന ആന്ധ്രമുഖ്യമന്ത്രിക്ക് പിന്നാലെ

ദമ്പതികള്‍ക്ക് 16 മക്കള്‍ വേണമെന്ന് സ്റ്റാലിന്‍; പ്രസ്താവന ആന്ധ്രമുഖ്യമന്ത്രിക്ക് പിന്നാലെ


ചെന്നൈ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് പിന്നാലെ കൂടുതല്‍ കുട്ടികളുണ്ടാകണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. ചെന്നൈയില്‍ എച്ച് ആര്‍, സി ഇ വകുപ്പ് സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ പങ്കെടുക്കവെയാണ് സ്റ്റാലിന്‍ അഭിപ്രായം പ്രകടിപ്പിച്ചത്. 

കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായി പാര്‍ലമെന്റ് മണ്ഡലങ്ങളുടെ എണ്ണം കുറയുമ്പോള്‍ കുടുംബാസൂത്രണം നടപ്പാക്കാത്ത ഉത്തരേന്ത്യയില്‍ മണ്ഡലങ്ങള്‍ കൂടുകയാണെന്ന ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്കയാണ് കുട്ടികളുടെ എണ്ണം വര്‍ധിക്കണമെന്ന ആവശ്യത്തിന് പിന്നിലുള്ളത്.  

ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കാരണം കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ പറഞ്ഞിരുന്നു. അതിനുപിന്നാലെ 'പതിനാറും പെറു പെരു വാഴവ് വാഴ്ഗ' എന്ന തമിഴ് പഴഞ്ചൊല്ലുമായി സ്റ്റാലിനുമെത്തിയത്. ആളുകള്‍ക്ക് 16 ഇനം സ്വത്തിനു പകരം ദമ്പതികള്‍ക്ക് 16 കുട്ടികളുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

തമിഴ്‌നാട്ടില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മള്‍ കുറച്ച് കുട്ടികള്‍ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നതെന്നും എന്തുകൊണ്ടാണ് നമുക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടായിക്കൂടാ? എന്നും സ്റ്റാലിന്‍ ചോദിച്ചു.