ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ടണല്‍ ദുരന്തത്തിന് പിന്നാലെ രക്ഷാ പ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ നായകള്‍. രണ്ട് കഡാവര്‍ നായകളെയും അവയെ പരിപാലിക്കുന്നവരെയും രക്ഷാപ്രവര്‍ത്തനത്തിനായി ഹൈദരാബാദിലേക്ക് അയച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് കഡാവര്‍ നായ്ക്കളെ അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഫെബ്രുവരി 22 ന് തകര്‍ന്ന ശ്രീശൈലം ഇടതുകര കനാല്‍ (എസ്എല്‍ബിസി) തുരങ്കത്തിനുള്ളില്‍ എട്ട് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കഡാവര്‍ നായകള്‍ക്ക് മനുഷ്യ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ഇതിനായി പ്രത്യേക ട്രെയിനിങ്ങും ഈ നായകള്‍ക്ക് ലഭിച്ചിരുന്നു
അതുകൊണ്ടാണ് ഈ ഇനത്തില്‍പെട്ട നായകളുടെ സഹായം ദേശീയ ദുരന്ത നിവാരണ അതോറിറ്റി തേടിയത്. കേരളത്തില്‍ നിന്ന് കൊണ്ടുവന്ന പ്രത്യേക പരിശീലനം ലഭിച്ച രണ്ട് നായ്ക്കളെ വ്യാഴാഴ്ച തുരങ്കത്തിനുള്ളില്‍ പ്രവേശിപ്പിക്കുമെന്ന് തെലങ്കാന പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
റോബോട്ടിക് ടെക്‌നോളജി അടക്കമുള്ള സാധ്യതകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അപകടസ്ഥലത്ത് നിന്ന് മണിക്കൂറില്‍ ഏകദേശം 800 ടണ്‍ ചെളിയും അവശിഷ്ടങ്ങളും തുരങ്കത്തിന്റെ പുറത്തേക്ക് കൊണ്ടുപോകുന്നുണ്ട്.
നിലവില്‍ ഊര്‍ജിതമായി തന്നെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. അപകടം നടന്ന് 12 ദിവസം പിന്നിടുമ്പോഴും തൊഴിലാളികളുടെ സ്ഥാനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജിതമാക്കാനായി ഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ നിന്നുള്ള സംഘവും എസ്എല്‍ബിസി തുരങ്കത്തിലെത്തിയിട്ടുണ്ട്.
തെലങ്കാനയിലെ ടണല്‍ ദുരന്തം: രക്ഷാ പ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ നായകള്‍
