ട്രംപോ കമലാ ഹാരിസോ; യു എസില്‍ ആരുടെ അധികാരമായിരിക്കും മോഡി സര്‍ക്കാറിന്റെ ആഗ്രഹം

ട്രംപോ കമലാ ഹാരിസോ; യു എസില്‍ ആരുടെ അധികാരമായിരിക്കും മോഡി സര്‍ക്കാറിന്റെ ആഗ്രഹം


വാഷിംഗ്ടണ്‍: രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന യു എസ് തെരഞ്ഞെടുപ്പിനെ ലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 45-ാം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരിച്ചുവരവ് നടത്തുമോ അതോ അമേരിക്കയ്ക്ക് ആദ്യമായി വനിതാ പ്രസിഡന്റിനെ ലഭിക്കുമോ എന്നതാണ് ചോദ്യം. 

രണ്ട് നേതാക്കളുടെയും നയങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യ- യു എസ് ബന്ധത്തില്‍ ഗുണകരവും ദോഷകരവുമായ ആഘാതങ്ങള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഓഹരി വിപണികളെ പോലും സ്വാധീനിക്കുന്നതിനാല്‍ ഇവരില്‍ ആരായിരിക്കും ഇന്ത്യയ്ക്ക് നല്ലത് എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.  

ട്രംപ് യു എസ് പ്രസിഡന്റായി അധികാരമേറ്റാല്‍ ഇന്ത്യയ്ക്ക് യു എസുമായുള്ള സാമ്പത്തിക ബന്ധം കൈകാര്യം ചെയ്യുന്നത് പൊതുവെ സുഗമമായിരിക്കില്ല. ഇറക്കുമതി തീരുവകള്‍ ദുരുപയോഗം ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് ട്രംപ് പലതവണ ആരോപിച്ചിട്ടുണ്ട്. ചിരിച്ചു കൊണ്ട് ഇന്ത്യ നികുതി ചുമത്തുന്നതാണ് ഇന്ത്യന്‍ നയമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. 

അധികാരത്തിലെത്തിയാല്‍ 'പരസ്പര വ്യാപാര' നയങ്ങള്‍ അവതരിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. മറുവശത്ത്, കമലാ ഹാരിസ് ചില സംരക്ഷണ നയങ്ങള്‍ തെരഞ്ഞെടുത്തേക്കാമെങ്കിലും അതിരുകടക്കില്ലെന്നാണ് കരുതുന്നത്. 

യു എസിന്റെ മുന്‍നിര സഖ്യകക്ഷികളിലൊരാളായ ജപ്പാന് പോലും സൗജന്യങ്ങള്‍ നല്‍കുന്നതില്‍ കമലാ ഹാരിസ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതിനര്‍ഥം കമലാ ഹാരിസ് പ്രസിഡന്റായാലും ഇന്ത്യയുമായുള്ള നയങ്ങള്‍ കര്‍ശനമായിരിക്കുമെന്നാണ്. 

ട്രംപും കമലാ ഹാരിസും ചൈനയുമായി ഏറ്റുമുട്ടല്‍ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന ധാരണ പൊതുവെയുണ്ട്. 

ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോഡി കഴിഞ്ഞ മാസം യു എസ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയില്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. യു എസും ഇന്ത്യയും തമ്മിലുള്ള ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിംഗ് ടെക്നോളജി സംരംഭം ശക്തമായ പങ്കാളിത്തത്തിന്റെ പ്രധാന ഉദാഹരണമാണ്.

2022 മെയ് മാസത്തില്‍ ഒപ്പുവച്ച കരാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം ടെക്‌നോളജി, സ്‌പേസ്, 6 ജി മൊബൈല്‍ ടെക്, അര്‍ധചാലക വിതരണ ശൃംഖല എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ വിശാലമായ സ്‌പെക്ട്രമാണ് തുറന്നത്.

ഇത്തരത്തില്‍ സാങ്കേതികതയും സൗകര്യങ്ങളും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ മാറ്റാന്‍ ബൈഡന്റെ പാത കമലാ ഹാരിസ് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കൂടുതല്‍ രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് മാറാന്‍ ശ്രമിക്കുമെന്നതിനാല്‍ ട്രംപിന്റെ ഏറ്റുമുട്ടല്‍ സമീപനം ഇന്ത്യയ്ക്കും ഗുണം ചെയ്യും.

യു എസിലേക്കുള്ള ചൈനീസ് ഇറക്കുമതിക്ക് 60 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത് ചൈനയില്‍ നിന്നുള്ള പലായനത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യക്കും തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ക്കുമായിരിക്കും ഗുണം ചെയ്യുക. 

നരേന്ദ്ര മോഡി സര്‍ക്കാറിന് ട്രംപിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ മുന്‍കാല അനുഭവം കണക്കിലെടുക്കുമ്പോള്‍ നയതന്ത്രവും അന്താരാഷ്ട്ര കാര്യങ്ങളുമായി ബന്ധപ്പെട്ടവയും ചേര്‍ത്തു നോക്കിയാല്‍ ന്യൂഡല്‍ഹി വൈറ്റ് ഹൗസില്‍ ട്രംപ് വരുന്നതിനെയായിരിക്കും കൂടുതല്‍ ഇഷ്ടപ്പെടുക. 

ട്രംപും മോഡിയുടെ ബി ജെ പിയും ദേശീയത, ദേശസ്‌നേഹം, പാരമ്പര്യം എന്നിവയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങളാണ് പറയുന്നത്. ചില ഇന്ത്യന്‍ ദേശീയ ചിന്തകര്‍ അവരുടെ വീക്ഷണങ്ങളും അമേരിക്കന്‍ യാഥാസ്ഥിതികരുടെ വീക്ഷണങ്ങളും തമ്മില്‍ താരതമ്യം ചെയ്യുന്നുണ്ട്. ഈ അവസ്ഥ കൂടുതല്‍ സുഖപ്രദമായ നയതന്ത്ര അന്തരീക്ഷം സൃഷ്ടിക്കും.

കൂടാതെ, മോഡിയും ട്രംപും തങ്ങളെ ശക്തരും നിര്‍ണായകവുമായ നേതാക്കളായാണ് കാണുന്നത്. ഉറച്ച നേതൃത്വത്തോടുള്ള ട്രംപിന്റെ നിലപാട് മോഡിയുടെ ശൈലിയുമായി യോജിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കാന്‍ കഴിയുന്ന പരസ്പര ധാരണയുടെ സൂചനയും നല്‍കുന്നുണ്ട്. 

യു എസിന്റെ അടുത്ത സഖ്യകക്ഷിയായ ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഈ സമയത്ത് ഡല്‍ഹി തങ്ങളുടെ താത്പര്യം ട്രംപില്‍ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്. 

ട്രംപിന്റെ പ്രധാന അജണ്ടയില്‍ കുടിയേറ്റവും അതുമായി ബന്ധപ്പെട്ട വിരുദ്ധ നിലപാടുകളുമുണ്ട്. ഗ്രേറ്റ് ഓള്‍ഡ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി തന്റെ കടുത്ത സമീപനം പുനരുജ്ജീവിപ്പിക്കാനും അനധികൃത കുടിയേറ്റത്തിനെതിരെ നിര്‍ണ്ണായകവും ശക്തവുമായ നടപടിയെടുക്കുമെന്നും ഇതിനകം പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. 

അധിക ബയോമെട്രിക്സ്, കാലതാമസം വരുത്തുന്ന പ്രോസസ്സിംഗ് സമയം, വേതന നിര്‍ണ്ണയങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് എച്ച് 1 ബി വിസകള്‍ നിയന്ത്രിക്കാന്‍ പോലും അദ്ദേഹം ശ്രമിച്ചേക്കാം. ഇത് ഇന്ത്യക്കാരെ ബാധിക്കും.

മറുവശത്ത്, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പരിരക്ഷയും ആഗോള പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള മികച്ച സംവിധാനവും ഉള്‍പ്പെടെ കൂടുതല്‍ തുറന്ന ഇമിഗ്രേഷന്‍ നയങ്ങളെയാണ് കമലാ ഹാരിസ് അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.