എയര്‍ ഇന്ത്യ വിമാനത്തിന് റണ്‍വേയില്‍ തകരാര്‍; കൊച്ചി- ഡല്‍ഹി വിമാനം റദ്ദാക്കി പകരം സജ്ജമാക്കി

എയര്‍ ഇന്ത്യ വിമാനത്തിന് റണ്‍വേയില്‍ തകരാര്‍; കൊച്ചി- ഡല്‍ഹി വിമാനം റദ്ദാക്കി പകരം സജ്ജമാക്കി


കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കാനായി ടേക്ക്ഓഫ് റണ്‍ നടത്തവെ എയര്‍ ഇന്ത്യ വിമാനത്തിന് തകരാര്‍. റണ്‍വേയില്‍ പെട്ടെന്ന് നിര്‍ത്തിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയെന്നാണ് സംശയിക്കുന്നതെന്ന് എഐ 504 വിമാനത്തിലെ യാത്രക്കാരന്‍ കൂടിയായ ഹൈബി ഈഡന്‍ എം പി ഫേസ്ബുക്കില്‍ കുറിച്ചു. 

വിമാനത്തിന് എന്തോ അസ്വാഭാവികമായി സംഭവിച്ചുവെന്ന് സംശയിക്കുന്നതായും രാത്രി 10.34ന് പുറപ്പെടേണ്ട വിമാനം ഇത്രയും വൈകിയിട്ടും ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ലെന്നും രാത്രി 12 മണിയോടെ ഹൈബി ഈഡന്‍ വ്യക്തമാക്കി. എഞ്ചിന്‍ തകരാറെന്ന് ക്രൂ വിശദീകരിച്ചതായും എം പി അറിയിച്ചു.

എന്നാല്‍ എഞ്ചിനില്‍ ചില തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്യാത്തതെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനം തെന്നിമാറിയിട്ടില്ലെന്ന് സിയാല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. പ്രശ്‌നം പരിഹരിച്ചുകൊണ്ട് ഇതേ വിമാനം അധികം വൈകാതെ പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചെങ്കിലും വിമാനത്തിന്റെ യന്ത്ര തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജമാക്കി രാത്രി ഒരു മണിയോടെയാണ് യാത്ര തുടര്‍ന്നത്. എ ഐ 504 വിമാനം യാത്ര റദ്ദാക്കിയതായി എം പിയും കുറിച്ചു.