കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോട് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എങ്ങനെയാണ് ബലാത്സംഗമാകുന്നതെന്ന് കോടതി ചോദിച്ചു.
ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴെല്ലാം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുകയുള്ളൂയെന്നും ഇന്‍ഫ്‌ളുവന്‍സറാണോ അല്ലയോ എന്നതല്ല വ്യക്തി എന്നതാണ് പ്രശ്‌നമെന്നും കോടതി പറഞ്ഞു. വേടനെതിരേ മറ്റു കേസുകളുണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.