കേരള ഏവിയേഷന്‍ സമ്മിറ്റ് കൊച്ചിയില്‍; 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള ഏവിയേഷന്‍ സമ്മിറ്റ് കൊച്ചിയില്‍; 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കൊച്ചി : അതിവേഗം വളരുന്ന വ്യോമയാന മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന മേഖലയുടെ കേന്ദ്ര സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ഫിക്കിയുടെ സഹകരണത്തോടെ പ്രഥമ കേരള ഏവിയേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23,24 തീയതികളില്‍ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്  ഹോട്ടലിലാണ് ദ്വിദിന ഏവിയേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അതിവേഗം കുതിക്കുന്ന ഏവിയേഷന്‍ മേഖലയുടെ പ്രധാന ഹബ്ബായി കേരളം മാറുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കരട് ഏവിയേഷന്‍ നയം തയ്യാറാക്കിയിരുന്നു. ഏവിയേഷന്‍ മേഖലയിലെ തന്ത്രപ്രാധാന മാറ്റങ്ങള്‍, നയരൂപീകരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ സമ്മേളനം ചര്‍ച്ച ചെയ്യും.

23 ന് രാവിലെ ഒന്‍പതരയ്ക്ക് സമ്മേളനത്തിന് തുടക്കമാകും. സിയാല്‍ എം ഡി എസ് സുഹാസ് ആമുഖ പ്രസംഗം നടത്തും.  രാവിലെ പത്ത് മണിക്ക് എയര്‍ സ്‌പേസിലേക്ക് ഡ്രോണുകളും െ്രെഡവര്‍ രഹിത വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള പാനല്‍ ചര്‍ച്ച നടക്കും. അര്‍ബന്‍ എയര്‍ ടാക്‌സി സാധ്യതകള്‍, ഡ്രോണ്‍ ഉപയോഗം സംബന്ധിച്ച നയരൂപീകരണം, സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ചര്‍ച്ചയാകും.

11 മണിക്ക് ഇന്ത്യയിലെ ഗതാഗത മേഖലയില്‍ സീപ്ലെയിന്‍, ഹെലികോപ്റ്റര്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പ്രാദേശിക കണക്റ്റിവിറ്റി സംബന്ധിച്ചും ലാസ്റ്റ് മൈല്‍ എയര്‍ കണക്റ്റിവിറ്റിയും വിഷയമാകും. മള്‍ട്ടിമോഡല്‍ ടെര്‍മിനല്‍, ഫ്‌ളോട്ടിങ് ജെട്ടി, വെര്‍ട്ടിപോര്‍ട്ട്‌സ്, ഹെലിപോര്‍ട്ട്‌സ് വാട്ടര്‍ എയ്‌റോഡ്രോം എന്നിവയുടെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യും. തീര്‍ഥാടന കേന്ദ്രങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഹെലികോപ്പ്റ്റര്‍, സീപ്ലെയ്ന്‍ സാധ്യതകളും ഈ സെഷനില്‍ ചര്‍ച്ചയാകും.

 12 ന്  വ്യോമഗതാഗതത്തിന്റെ ഭാവി എന്ന വിഷയത്തില്‍  പാനല്‍ ചര്‍ച്ച നടക്കും. ബയോമെട്രിക്, പേപ്പര്‍ലെസ് ചെക്ക് ഇന്‍, ഡിജിറ്റല്‍ വാലറ്റ്, നിര്‍മിതബുദ്ധി അധിഷ്ഠിതമായ പാസഞ്ചര്‍ സേവനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.  ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈവിധ്യമാര്‍ഗങ്ങളിലൂടെ വരുമാനം എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് എയര്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിന് കുറിച്ചും പ്രാദേശിക വിമാനത്താവളങ്ങളുടെ സാധ്യതയും വിഷയമാകും. വൈകിട്ട് മൂന്നിന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കാര്‍ഗോ ടെര്‍മിനല്‍ വികസനവും കാര്‍ഗോ ട്രാക്കിങ്ങിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യും.  നാല് മണിക്ക് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പുനരുപയോഗ ഊര്‍ജം, എയര്‍പോര്‍ട്ട് ഇക്കോ സിസ്റ്റം മാനേജ്‌മെന്റ് എന്നിവ ചര്‍ച്ച ചെയ്യും.

വൈകിട്ട് 5.30 നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏവിയേഷന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. സിയാല്‍ എം ഡി എസ് .സുഹാസ് പങ്കെടുക്കും.

രണ്ടാം ദിവസം രാവിലെ പത്തിന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ടൂറിസവും ഏവിയേഷനും സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ വാണിജ്യ സാദ്ധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. 11 മണിക്ക് എയര്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ്, നൂതനത്വം, ഭാവി എന്ന വിഷയത്തില്‍  പാനല്‍ ചര്‍ച്ച നടക്കും.

ഉച്ചയ്ക്ക് 12 നു നടക്കുന്ന സമാപന സമ്മേളനംകൊച്ചി മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സിയാല്‍ എം ഡി എസ് സുഹാസ്, എയര്‍പോര്‍ട്ട്  ഡയറക്റ്റര്‍  ജി മനു എന്നിവര്‍ പങ്കെടുക്കും.

കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള, പ്രാദേശിക ഏവിയേഷന്‍, ലോജിസ്റ്റിക്‌സ് ഹബായി മാറ്റുക, ഡ്രോണുകള്‍, ഡിജിറ്റല്‍ എയര്‍ ട്രാവല്‍, എം ആര്‍ ഓ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കാക എന്നിവയാണ്   ഏവിയേഷന്‍ സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്.

0484 എയ്‌റോ ലോഞ്ചില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനു, കൊമേഴ്‌സ്യല്‍ വിഭാഗം മേധാവി മനോജ് ജോസഫ്, സിയാല്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ്  മേധാവി പി എസ് ജയന്‍,  ഫിക്കി കേരള മേധാവി സാവിയോ മാത്യു, ടൂറിസം സബ് കമ്മിറ്റി ചെയര്‍ യു സി റിയാസ് എന്നിവര്‍ പങ്കെടുത്തു.