വി സി നിയമനം: സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രീംകോടതി

വി സി നിയമനം: സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സര്‍വകലാശാലാ വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാരെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ സുപ്രീം കോടതി നിയമിച്ചു.

സെര്‍ച്ച് കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങള്‍

തര്‍ക്കം എത്രയും വേഗം പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. രണ്ട് സര്‍വകലാശാലകള്‍ക്കും ഒരേ കമ്മിറ്റിയോ പ്രത്യേക കമ്മിറ്റികളോ രൂപീകരിക്കാന്‍ അധ്യക്ഷന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. കമ്മിറ്റിയില്‍ അഞ്ചംഗങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ രണ്ട് പേരെ ചാന്‍സലറും സംസ്ഥാന സര്‍ക്കാരും നല്‍കുന്ന പട്ടികയില്‍നിന്ന് തിരഞ്ഞെടുക്കും. ഇതിനു പുറമെ യുജിസി ഒരു അംഗത്തെ നാമനിര്‍ദേശം ചെയ്യും. അന്തിമ തീരുമാനം അധ്യക്ഷന് വിട്ടിരിക്കുകയാണ്.

ഹൈക്കോടതി വിധി

താത്കാലിക വിസി നിയമനങ്ങളില്‍ സര്‍ക്കാരിന്റെ ശിപാര്‍ശയില്ലാതെ ഗവര്‍ണര്‍ നിയമനം നടത്തിയതിനെതിരെ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇടപെടല്‍. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ താത്കാലിക വിസിമാരെ വീണ്ടും നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഡോ. സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ ഇടക്കാല വിസിമാരായി വീണ്ടും നിയമിച്ചു. ഇത് ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശയോടെ മാത്രമേ ഗവര്‍ണര്‍ക്ക് താത്കാലിക വിസിയെ നിയമിക്കാന്‍ കഴിയൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാങ്കേതിക സര്‍വകലാശാല നിയമത്തിലെ സെക്ഷന്‍ 13(7) പ്രകാരമാണിത്. 2024 നവംബറില്‍ ഡോ. കെ ശിവപ്രസാദ്, ഡോ. സിസ തോമസ് എന്നിവരെ യഥാക്രമം സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും താത്കാലിക വിസിമാരായി ഗവര്‍ണര്‍ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ വിധി ശരിവയ്ക്കുകയും ചെയ്തു.
വിസി നിയമനം രണ്ട് മാസത്തിനുള്ളില്‍

രണ്ടാഴ്ചയ്ക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ട് മാസത്തിനുള്ളില്‍ വിസി നിയമനം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. യോഗ്യരായവരെ കണ്ടെത്താന്‍ മാധ്യമങ്ങളില്‍ പരസ്യം ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ബംഗാള്‍ മാതൃകയില്‍ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി വിരമിച്ച ജഡ്ജിയെ നിയമിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ബംഗാളില്‍ മുന്‍ ചീഫ് ജസ്റ്റിസ് യുയു ലളിതിനെയാണ് സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചിരുന്നത്. തുല്യത പാലിക്കാനാകില്ലെന്ന് സംസ്ഥാനം വാദിച്ചതിനെത്തുടര്‍ന്നാണ് കോടതി ഈ നടപടി സ്വീകരിച്ചത്.