കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് റെക്കോര്‍ഡ് നേട്ടം: 18 മാസത്തിനിടെ 30 ലക്ഷം യാത്രക്കാര്‍

കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് റെക്കോര്‍ഡ് നേട്ടം: 18 മാസത്തിനിടെ 30 ലക്ഷം യാത്രക്കാര്‍


കൊച്ചി: 18 മാസം, 30 ലക്ഷം യാത്രക്കാര്‍. നേട്ടത്തിലേക്ക് ചുവടുവയ്ക്കുകയാണ് കൊച്ചി വാട്ടര്‍ മെട്രോ. ഈമാസം അവസാനത്തോടെ ലക്ഷ്യത്തിലെത്തും. 2023 ഏപ്രിലില്‍ ഉദ്ഘാടനം കഴിഞ്ഞശേഷമുള്ള എല്ലാ മാസങ്ങളിലും യാത്രക്കാരുടെ എണ്ണം കൂടി. രണ്ട് റൂട്ടുകളില്‍ ആരംഭിച്ച വാട്ടര്‍ മെട്രോ ഇപ്പോള്‍ 11 ടെര്‍മിനലുകളിലേക്കും അഞ്ച് റൂട്ടുകളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.

മട്ടഞ്ചേരി, ചേരാനല്ലൂര്‍ ടെര്‍മിനലുകള്‍ നവംബര്‍ അവസാനത്തോടെ സജ്ജമാകും. അടുത്തമാസം ആദ്യം മൂന്ന് ബോട്ടുകള്‍ കൂടി കപ്പല്‍ശാല വാട്ടര്‍മെട്രോയ്ക്ക് കൈമാറും.

കഴിഞ്ഞ ആഗസ്റ്റില്‍ 16ാമത്തെ ബോട്ട് കപ്പല്‍ശാല കൈമാറിയിരുന്നു. ആറ് ബോട്ടുകള്‍ ഒക്ടോബറിലും രണ്ട് ബോട്ടുകള്‍ അടുത്തവര്‍ഷം ആദ്യവും കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും സങ്കേതിക കാരണങ്ങളാല്‍ വൈകി.

15 ബോട്ടിനുള്ള ടെന്‍ഡര്‍ വൈകുന്നു

വാട്ടര്‍മെട്രോയ്ക്ക് അധികമായെത്തുന്ന 15 പുതിയ ബോട്ടുകളുടെ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ട് മാസം രണ്ടര കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ല. 15 ബോട്ടുകള്‍ക്ക് രണ്ടാം തവണയാണ് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. ആദ്യം ടെന്‍ഡര്‍ ആരും സ്വീകരിക്കാതിരുന്നതോടെയാണ് വീണ്ടും വിളിച്ചത്. ആദ്യഘട്ടത്തിലെ 23 ബോട്ടുകള്‍ക്ക് പുറമേയാണ് 143കോടിയോളം മുടക്കില്‍ 15 ബോട്ടുകള്‍ കൂടിയെത്തുക.

ആദ്യഘട്ടത്തിലെ 100 സീറ്റ് ബോട്ടുകള്‍ ഒരെണ്ണത്തിന് 7.6 കോടിക്ക് കൊച്ചി കപ്പല്‍ശാലയാണ് നിര്‍മ്മിക്കുന്നത്. പുതിയ 15 ബോട്ടുകളുടെ ടെന്‍ഡറും കപ്പല്‍ശാല തന്നെ സ്വന്തമാക്കാനാണ് സാദ്ധ്യത. ഇതോടെ നിര്‍മ്മാണത്തുക ബോട്ടൊന്നിന് 9.5 കോടിയായി ഉയരും.

അതേസമയം നേരത്തെ പ്രഖ്യാപിച്ച 50സീറ്റ് ബോട്ടിന്റെ പദ്ധതി നീളുമെന്നാണ് റിപ്പോര്‍ട്ട്. 15 ബോട്ടുകള്‍ക്ക് ലഭിച്ച ടെന്‍ഡര്‍ തുക അധികബാദ്ധ്യത
38 ടെര്‍മിനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 1015 മിനിറ്റ് ഇടവിട്ട് 78 ബോട്ടുകള്‍ സര്‍വീസ് നടത്തണം എന്നതാണ് കെ.എം.ആര്‍.എല്‍ പദ്ധതി.

നിലവിലെ ടെര്‍മിനലുകള്‍

വൈറ്റില, കാക്കനാട്, ഹൈക്കോര്‍ട്ട്, ബോള്‍ഗാട്ടി, വൈപ്പിന്‍, ഫോര്‍ട്ട്‌കൊച്ചി, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, മുളവുകാട് നോര്‍ത്ത്

നിലവിലെ റൂട്ടുകള്‍:  ഹൈക്കോര്‍ട്ട്- ഫോര്‍ട്ട്‌കൊച്ചി, ഹൈക്കോര്‍ട്ട് - വൈപ്പിന്‍, ഹൈക്കോര്‍ട്ട് - സൗത്ത് ചിറ്റൂര്‍, സൗത്ത് ചിറ്റൂര്‍ - ചേരാനെല്ലൂര്‍, വൈറ്റില - കാക്കനാട്‌