മലയാളികളുടെ കുടിയേറ്റത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഐക്യകേരളപ്പിറവിക്ക് മുന്നേ തുടങ്ങുന്നതാണ് മലയാളി കുടിയേറ്റങ്ങളുടെ കഥ. ആഭ്യന്തരവും അന്താരാഷ്ട്രവുമായ കുടിയേറ്റങ്ങളില്‍ മലയാളി പ്രവാസം പല കാരണങ്ങളാല്‍ ലോകശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വന്നിട്ടുള്ള പുതിയ പഠനമനുസരിച്ച് മലയാളി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് വിദേശ കുടിയേറ്റമാണ്. വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ കണക്കിലെ അനുപാതത്തില്‍ ഇന്ത്യയിലെ മറ്റ് പ്രധാന ഭാഷ സമൂഹങ്ങളേക്കാള്‍ മലയാളിയാണ് മുന്നില്‍ നില്‍ക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദിലെ ചിന്മയി തുംബെയുടെ പഠനമനുസരിച്ച്, കേരളത്തില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ എണ്ണം 4.6 ദശലക്ഷത്തിലധികമാണ്. അതായത് ഇന്ത്യയ്ക്ക് പുറത്ത് മൂന്ന് ദശലക്ഷവും ഇന്ത്യയ്ക്കകത്ത് 1.6 ദശലക്ഷത്തിലധികവും. മലയാളിയുടെ തലവര മാറ്റിയെഴുതിയ ഗള്‍ഫ് പ്രവാസത്തെ കുറിച്ചും അതിനും മുമ്പും അതിനു ശേഷവുമുള്ള പ്രവാസത്തെ കുറിച്ചും തുംബെയുടെ പഠനം വിശകലനം ചെയ്യുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ചിന്മയി തുംബെയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
തുംബെയുടെ പഠനം ഭാഷാപരമായി ഇന്ത്യയിലെ പ്രവാസികളെ അടയാളപ്പെടുത്തുന്നു. 2010 ലെ കണക്ക് പ്രകാരം അന്താരാഷ്ട്രപ്രവാസത്തിനേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതലാണ് ഇന്ത്യയിലെ ആഭ്യന്തര പ്രവാസം. 2010ല്‍ 60 ദശലക്ഷത്തിലധികം 'ആഭ്യന്തര' പ്രവാസികളുണ്ടായിരുന്നതായി കണക്കാക്കുന്നു. ഇതേകാലയളവില്‍ ഇന്ത്യയുടെ 'അന്താരാഷ്ട്ര' പ്രവാസികളുടെ എണ്ണം 21.7 ദശലക്ഷമായിരുന്നു.
മലയാളവും തമിഴും ഒഴികെയുള്ള എല്ലാ പ്രധാന ഭാഷാ സമൂഹങ്ങളിലും ആഭ്യന്തര പ്രവാസികളാണ് അന്താരാഷ്ട്ര പ്രവാസികളേക്കാള്‍ കൂടുതല്‍. മാത്രമല്ല ആഭ്യന്തര പ്രവാസികളുടെ മൂന്നിലൊന്ന് ഇന്ത്യയിലെ 10 വലിയ നഗരങ്ങളിലായാണുള്ളത്.
കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ കുടിയേറ്റ രീതികളെക്കുറിച്ചുള്ള വിശദമായ വിശകലനം തുംബെ നടത്തുന്നുണ്ട്. 20ാം നൂറ്റാണ്ടില്‍, പ്രത്യേകിച്ച് വടക്കേന്ത്യയിലേക്കുള്ള മലയാളികളുടെ ആഭ്യന്തര കുടിയേറ്റം ഗണ്യമായിട്ടുണ്ടായിരുന്നു. എന്നാല്‍, 1970കള്‍ മുതല്‍ ഗള്‍ഫിലെ എണ്ണ മേഖലയില്‍ ഉണ്ടായ മാറ്റങ്ങളോടെ അത് നാടകീയമായി മാറിയെന്നും തുംബെ എഴുതുന്നു.
ഇത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്ക് മലയാളിയുടെ കുടിയേറ്റ സ്വഭാവത്തെ തിരിച്ചുവിട്ടു. യുഎസ്എയിലും ഇറ്റലിയിലും മറ്റ് പല രാജ്യങ്ങളിലും മലയാളം സംസാരിക്കുന്ന പ്രവാസിയുണ്ട്, ശ്രീലങ്കയിലും മലയാളിയായ പഴയ പ്രവാസിയെ കാണാന്‍ കഴിയുമെന്ന് തുംബെ പറയുന്നു.
ആഭ്യന്തര പ്രവാസികളില്‍, നഗരങ്ങള്‍ക്കിടയില്‍, 2001 വരെ മുംബൈ ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവയും പ്രവാസത്തില്‍ മുന്നിലാണെന്ന് പഠനം പറയുന്നു.
പുറത്തേക്കുള്ള കുടിയേറ്റവും ഇപ്പോള്‍ ആഭ്യന്തര കുടിയേറ്റവും വന്‍ തോതില്‍ ഉള്ള സംസ്ഥാനമാണ് കേരളം എന്ന് തുംബെയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്് പറഞ്ഞു. കേരളത്തില്‍ നിന്ന് ജോലിക്കായി കുടിയേറ്റം നടത്തുന്നവരില്‍ പുരുഷന്മാര്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും, വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ലിംഗസമത്വം കേരളത്തില്‍ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സെന്‍സസ് നിര്‍വചിച്ചിരിക്കുന്നതുപോലെ നിരവധി ഉപഭാഷകള്‍ ഉള്‍ക്കൊള്ളുന്ന, ഹിന്ദി സംസാരിക്കുന്ന പ്രവാസികളാണ് ഏറ്റവും കൂടുതല്‍, 2010 ല്‍ ആഭ്യന്തര, അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ ഏകദേശം 40 ദശലക്ഷമായിരുന്നു ഇത്. ആറ് ദശലക്ഷത്തിലധികം വരുന്ന അന്താരാഷ്ട്ര പ്രവാസികളില്‍ ഇന്ത്യയിലുള്ള ലാറ്റിന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും സമൂഹങ്ങളില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു, ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ഭോജ്പുരി സംസാരിക്കുന്ന മേഖലകളില്‍ നിന്ന് നേപ്പാളിലേക്കുള്ള കുടിയേറ്റവും തുടര്‍ന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ തമിഴ് പ്രവാസികളില്‍ എട്ട് ദശലക്ഷത്തിലധികം ആളുകള്‍ ഉള്‍പ്പെടുന്നു, അതില്‍ നാല് ദശലക്ഷത്തിലധികം പേര്‍ ഇന്ത്യയ്ക്ക് പുറത്തും ഏകദേശം നാല് ദശലക്ഷത്തിലധികം പേര്‍ രാജ്യത്തിനകത്തുമാണ്. ഹിന്ദി കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭാഷാ പ്രവാസി സമൂഹമാണിത്.
ലോകമാകെ 46 ലക്ഷം മലയാളി പ്രവാസികള്‍; കേരളീയരില്‍ വിദേശ കുടിയേറ്റ പ്രവണത ഉയരുന്നു
