രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു


പത്തനംതിട്ട: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. യുവനടിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് രാജി.

രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു കൈമാറി. ധാര്‍മികതയുടെ പുറത്താണ് രാജി വച്ചതെന്ന് അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ അവകാശപ്പെട്ടു.

കുറ്റം ചെയ്തതുകൊണ്ടല്ല രാജി വയ്ക്കുന്നതെന്നും സര്‍ക്കാരിനെതേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലപാടെടുക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നു. രാഹുലുമായുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായതും ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നുവെന്നും സൂചനയുള്ളതാണ് ശബ്ദരേഖ. ഗര്‍ഭം അലസിപ്പിക്കണമെന്നും വളരാന്‍ അനുവദിക്കരുതെന്നും ശബ്ദരേഖയില്‍ പറയുന്നു. 

കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാട്ടുമെന്ന ചോദ്യവും രാഹുല്‍ സംഭാഷണത്തിനിടെ ചോദിക്കുന്നുണ്ട്. രാഹുലിെ കാണിക്കുമെന്ന യുവതിയുടെ മറുപടിയില്‍ അത് ബുദ്ധിമുട്ടാകുമെന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്. കുഞ്ഞിന്റെ പിതാവാരാണെന്ന് കുഞ്ഞിനോടു പറഞ്ഞോളാമെന്നും മറ്റുള്ളവരോട് പറയേണ്ട കാര്യമില്ലെന്നും യുവതി മറുപടിയായി പറയുന്നുണ്ട്. 

രാഹുലിന് കേവലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതില്‍ കാര്യങ്ങള്‍ നില്‍ക്കില്ലെന്നും സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനും വെല്ലുവിളിയാകുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് മാങ്കൂട്ടത്തിലെന്നും മുന്‍ മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. 

രാഹുലിനെതിരെ തുടര്‍ച്ചയായി ലഭിച്ച പരാതികള്‍ അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും കെ കെ ശൈലജ പറഞ്ഞു. ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് നിയമസഭയ്ക്ക് നാണക്കേടാണെന്നും കെ കെ ശൈലജ പറഞ്ഞു. 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന സംഭവത്തില്‍ പാര്‍ട്ടി മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പരാതി ഉന്നയിച്ച പെണ്‍കുട്ടി മകളെ പോലെയാണെന്നും വാട്‌സ്ആപ് സന്ദേശം തന്റെ മുന്നിലെത്തിയിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.