അതിതീവ്ര മഴ പെയ്തിറങ്ങി; മുന്നറിയിപ്പ് എവിടെ? റെഡ് അലർട്ട് പുറപ്പെടുവിച്ചത് എപ്പോൾ? നിയന്ത്രണങ്ങളുണ്ടെങ്കിൽ അറിയാൻ എന്തുചെയ്യണം?

അതിതീവ്ര മഴ പെയ്തിറങ്ങി; മുന്നറിയിപ്പ് എവിടെ? റെഡ് അലർട്ട് പുറപ്പെടുവിച്ചത് എപ്പോൾ? നിയന്ത്രണങ്ങളുണ്ടെങ്കിൽ അറിയാൻ എന്തുചെയ്യണം?


2018ലുണ്ടായത് പോലെ സംസ്ഥാനത്ത് ഇന്നലെ ഉണ്ടായത് അതിതീവ്ര മഴ. റാന്നിയും ആറന്മുളയും മുങ്ങിയത് മണിക്കുറുകൾക്കകം. 2018ലെ അതീവ ​ഗുരുതരമായ സ്ഥിതിവിശേഷത്തിൽ നിന്ന് അനുഭവം ഉൾക്കൊണ്ട ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതിനാൽ അർദ്ധരാത്രിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ വലിയ ദുരന്തങ്ങളുണ്ടായില്ല. എന്നാലും ജനങ്ങൾ ചോദിക്കുന്നത് ഇതാണ് 2018ലെ വൻ പ്രളയത്തിന് ശേഷമെങ്കിലും എന്തെങ്കിലും പഠിച്ചോ? അതിതീവ്ര മഴയുണ്ടാകുമെന്ന് ശരിയായ രീതിയിൽ മുന്നറിയിപ്പ് നൽകാനായോ? 

ആറ് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അത് കൂടുതലും അതിതീവ്ര മഴയിൽ നദികൾ കരകവി‍ഞ്ഞതാണ് കാരണം. പമ്പ, അച്ചൻകോവിൽ, മീനച്ചിലാർ നദികൾ കരകവിഞ്ഞത് മണിക്കൂറുകൾക്കകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018ലേത് പോലെ പെട്ടെന്ന് ഡാം തുറന്നുവിട്ടെന്ന ആരോപണവും ആരെയെങ്കിലും പ്രതിചാരാമെന്നും ഇതിൽ കണക്കുകൂട്ടണ്ട. കാരണം ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത് മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമതയാണ്. 2018ലെ പ്രളയത്തിൽ കേരളം നട്ടംതിരിഞ്ഞതിന്റെ ഓർമ്മപേറുന്നവരും അതിന്റെ ഞ‌ടുക്കം വിട്ടുമാറാത്ത ലോകമെമ്പാടുമുള്ള പ്രവാസികളും ഉറ്റുനോക്കിയിരിക്കുന്നതിനിടെയാണ് വെള്ളപ്പൊക്കങ്ങളും പ്രളയങ്ങളും ആവർത്തിക്കുന്നതെന്നാണ് ശ്രദ്ധേയം. 

അതിതീവ്ര മഴ ഉണ്ടായേക്കാമെന്ന സൂചനകൾ ഇന്നലെയുണ്ടായിരുന്നു. ഒറീസ തീരത്തുണ്ടായ ന്യൂനമർദ്ദത്തിനൊപ്പം അറബിക്കടലിലും പെട്ടെന്ന് ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് മഴ ശക്തമാകുമെന്നായിരുന്നു പ്രവചനം. എന്നാൽ, മിക്കയിടത്തും ഓറഞ്ച് അലർട്ടുകളാണ് പുറപ്പെടുവിച്ചിരുന്നത്. റെഡ് അലർട്ടുകൾ വന്നത് അതിതീവ്ര മഴ ഉണ്ടായതിനോട് അടുപ്പിച്ചും. അതിതീവ്ര മഴയുണ്ടായാൽ മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുന്ന മലയോര മേഖലയിൽ മിനിട്ടിന് മുമ്പോ പിമ്പോ അലർട്ട് നൽകിയിട്ട് എന്തുകാര്യം എന്നാണ് ജനങ്ങളുടെ ചോദ്യം. കാരണം, ഇറങ്ങി ഓട‌ാനാണെങ്കിലും മലയിറങ്ങി താഴെയെത്തണമെങ്കിൽ മണിക്കൂറുകൾ വേണം. 

അതിതീവ്ര മഴയുണ്ടായ ഇടുക്കിയിലും പത്തനംതിട്ടയിലും ഇന്ന് രാവിലെ വരെയുണ്ടായിരുന്നത് ഓറഞ്ച് അലർട്ട് മാത്രമാണ്. ദുരന്തങ്ങൾ പലതവണ ആവർത്തിച്ചിട്ടുള്ള മലയോര മേഖലയിൽ മുന്നറിയിപ്പിന് ഇത്തവണയും പതിവ് വിട്ട് ഒന്നുമുണ്ടായില്ല. ഓറഞ്ച് മാറി റെഡ് അലർട്ടായത് വാട്സ് ആപ്പും വെബും നോക്കിയിരുന്നവർ കണ്ടത്രേ. അല്ലാത്തവർ ദുരിതപ്പെയ്ത്തും വെള്ളം കയറുന്നതും കണ്ട് ജീവൻ വാരിപ്പൊത്താനുള്ള തത്പപ്പാടിലായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ളാഹയിൽ 25 സെന്റീമീറ്ററും ഇടുക്കി പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ 21 സെന്റീമീറ്ററും പെയ്തു. റെഡ് അലർ‍ട്ടിന് സമാനമായ മഴ പെയ്യുമെന്ന് അറിയിച്ചത് രാത്രി 11.15ന്. റെഡ് അലർട്ടായത് രാവിലെ 7ന്. രാത്രി 9നോട് അടുപ്പിച്ച് തുടങ്ങിയ മഴയെ കുറിച്ചാണ് 11.15ന് മുന്നറിയിപ്പ് നൽകിയത്. രാവിലെ ഏഴായപ്പോഴേക്കും മിക്കയിടത്തും വെള്ളം പൊങ്ങി. അങ്ങനെയെങ്കിൽ എന്തിനാണ് അലർട്ട് പ്രഖ്യാപനം എന്നാണ് ചോദ്യം. 

ഓറഞ്ച് അലർട്ട് എന്നാൽ ആക്ഷൻ എന്നാണ് ദുരന്തര നിവാരണ അതോറിറ്റി ചട്ടത്തിൽ പറയുന്നത്. മുമ്പും ഉരുൾപ്പൊട്ടലുണ്ടായിട്ടുള്ള കൂട്ടിക്കലിലും 2018ലെ പ്രളയത്തിൽ മുങ്ങിപ്പോയ റാന്നിയിലും അടക്കം തുടർച്ചയായി മഴ പെയ്തിട്ടും ആളുകളെ മാറ്റിപ്പാർപ്പിക്കാനോ വേണ്ട മുൻകരുതലെടുക്കാനോ ദുരന്ത നിവാരണ അതോറിറ്റിക്ക് കഴിഞ്ഞില്ല. തൊടുപുഴ കുടയൂത്തൂരിൽ എൻഡിആർഎഫ് സംഘത്തിന് പെട്ടെന്ന് എത്താനായി. എന്നാൽ, ഉരുൾപൊട്ടലുണ്ടായ കോട്ടയത്ത് മൂന്നിടങ്ങളിലും എൻഡിആർഎഫ് എത്തിയില്ല. പത്തനംതിട്ടയിലേക്കും എൻഡിആർഎഫ് എത്തിയപ്പോഴേക്കും വൈകി. ഇന്നലെ രാത്രിയോടെ തന്നെ പല പഠന ഏജൻസികളും മധ്യകേരളത്തിന്റെ കിഴക്കൻ മേഖലകളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാദേശികമായി ശക്തമായ മഴ മുന്നറിയിപ്പ് ഏജൻസികൾ കൈമാറിയിരുന്നു. പക്ഷേ ദുരന്ത സാഹചര്യം മുൻകൂട്ടി കാണാൻ ഐഎംഡിക്കോ കെഎസ്ഡിഎംഎക്കോ കഴിഞ്ഞില്ല.

പത്തനംതിട്ട മലയോരമേഖലകളിൽ നിർത്താതെ മഴ പെയ്താൽ പമ്പ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് മുന്നൊരുക്കം നടത്തിയതുമില്ല. ഐഎംഡിക്ക് പുറമേ മറ്റ് ഏജൻസികളിൽ നിന്ന് കൂടി വിവരം ശേഖരിക്കുന്ന കെഎസ്ഡിഎംഎ എന്ത് മുന്നൊരുക്കമാണ് നടത്തിയതെന്ന് വിശദീകരിക്കേണ്ടതുണ്ട്. നാടിനെ തകർത്ത മുണ്ടക്കൈ ദുരന്തമുണ്ടായ 2024 എൽ നിനോ വർഷമായിരുന്നു. ഇതും എൽ നിനോ വർഷം. അപ്രതീക്ഷിത അതിതീവ്ര മഴ ദിവസങ്ങൾക്ക് എൽ നിനോ വർഷങ്ങളിൽ സാധ്യതയേറെയാണ്. അലർട്ടുകൾക്ക് അതീതമായ ജാഗ്രത വേണ്ട സംസ്ഥാനത്ത് ജില്ലാ ഭരണകൂടങ്ങൾക്കും ദുരന്ത നിവാരണ അതോറിറ്റിക്കും സംഭവിച്ചത് കുറ്റകരമായ അനാസ്ഥയാണ്.