വിഴിഞ്ഞം തുറമുഖ പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞാണെന്ന് വി.ഡി. സതീശന്‍

വിഴിഞ്ഞം തുറമുഖ പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞാണെന്ന്  വി.ഡി. സതീശന്‍


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞാണെന്നും അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ന് ഉമ്മന്‍ ചാണ്ടിയെയും യു.ഡി.എഫിനെയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും എന്തൊരു ഇരട്ടത്താപ്പാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തെ കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസ്താവന നടത്തിയതിന്റെ വിഡിയോയും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് രാവിലെയാണ് ആദ്യ മദര്‍ഷിപ്പ് എത്തിയത്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ 'സാന്‍ ഫെര്‍ണാണ്ടോ' എന്ന കപ്പലാണ് നങ്കൂരമിട്ടത്. നാളെയാണ് മുഖ്യമന്ത്രിയും കേന്ദ്രസംസ്ഥാന മന്ത്രിമാരും കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കുന്നത്. എന്നാല്‍, ഔദ്യോഗിക സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിക്കാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ എത്തി.

പുതുചരിത്രം പിറന്നു.

2015 ഡിസംബര്‍ 5 ന് തറക്കല്ലിട്ട പദ്ധതി.

പൂര്‍ണ തോതില്‍ ചരക്കു നീക്കം നടക്കുന്ന തരത്തില്‍ ട്രയല്‍ റണ്ണും നാളെ തുടങ്ങും.

നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം.

വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. 'കടല്‍ക്കൊള്ള' എന്ന് എഴുതിയത് സി.പി.എം മുഖപത്രമായ ദേശാഭിമാനി. അന്ന് ഉമ്മന്‍ ചാണ്ടിയേയും യു.ഡി.എഫിനേയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ്.

വിഴിഞ്ഞം യു.ഡി.എഫ് കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. ഓര്‍മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെകിടന്നോട്ടെ