2023-ൽ 14 മില്യൺ അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ പ്രവേശിച്ചെന്ന് പ്യൂ റിസർച്ച് സെന്റർ. ഇത് എക്കാലത്തെയും ഏറ്റവും ഉയർന്ന സംഖ്യയാണ്. എന്നാൽ ഇത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിനേക്കാൾ വളരെ കുറവാണ്.
അമേരിക്കൻ സമൂഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ടുകൾക്ക് ആധികാരികത ഏറെയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. യുഎസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ അനധികൃതമായി അതിർത്തി കടന്നത് 2007ലാണ്. അന്ന് 12.2 മില്യൺ ആളുകളാണ് അമേരിക്കയിൽ പ്രവേശിച്ചത്.
രാജ്യത്ത് കഴിഞ്ഞിരുന്ന 6 മില്യൺ കുടിയേറ്റക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള നിയമപരമായ സംരക്ഷണം ലഭിച്ചതാണ് ഈ വൻ വർധനവിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. 2024 ജനുവരിയിൽ അധികാരമേറ്റതിന് ശേഷം ട്രംപ് ഇത്തരം സംരക്ഷണങ്ങളിൽ പലതും നീക്കം ചെയ്തിട്ടുണ്ട്.
കുടിയേറ്റം സംബന്ധിച്ച് 1990 മുതലുള്ള കണക്കുകൾ പ്യൂ റിസർച്ച് സെന്റർ പിന്തുടരുന്നുണ്ട്. അവരുടെ വിശകലനം പ്രധാനമായും 2023-നെക്കുറിച്ചാണ് പരാമർശിച്ചിരിക്കുന്നതെങ്കിലും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2024-ലും വർധിച്ചിട്ടുണ്ട്. എണ്ണം കുറഞ്ഞെങ്കിലും ഇപ്പോഴും 14 മില്യണ് മേലായിരിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.
നിയമപരമായ നില പരിഗണിക്കാതെ അമേരിക്കയിലെ കുടിയേറ്റക്കാരുടെ മൊത്തം ജനസംഖ്യ 2025 ജനുവരിയിൽ 53 മില്യണിലെത്തിയെന്നാണ് പ്യൂ റിസർച്ച് സെന്റർ പറയുന്നത്. ഇത് അമേരിക്കൻ ജനസംഖ്യയുടെ 15.8% വരും.
അനധികൃത കുടിയേറ്റം സംബന്ധിച്ചുള്ള വിവാദങ്ങൾ അവസാനിപ്പിക്കാൻ സാധ്യതയില്ലെങ്കിലും, അനധികൃത കുടിയേറ്റം അളക്കാനുള്ള ഏറ്റവും സമഗ്രമായ ശ്രമങ്ങളിലൊന്നാണ് പ്യൂവിന്റെ റിപ്പോർട്ട്.
അമേരിക്ക-മെക്സിക്കോ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് അതിർത്തിയിലെ കമ്പിവേലി കറുത്ത നിറത്തിൽ പെയിന്റ് ചെയ്യാൻ പോകുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. കടുത്ത സൂര്യപ്രകാശമുള്ളപ്പോൾ കമ്പിവേലി ചൂടാകുകയും അതിർത്തി കടക്കാൻ നോക്കുന്നവർക്ക് പിടിച്ചുകയറാണ് ആകാതെ വരുകയും ചെയ്യും.
പ്രസിഡന്റ് ട്രംപിന്റെ "പ്രത്യേക അഭ്യർത്ഥന"പ്രകാരമാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ന്യൂ മെക്സിക്കോയിലെ സാന്ത തെരേസയിലെ അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ നോം പറഞ്ഞു. "ഉയർന്ന താപനിലയുള്ളപ്പോൾ കറുപ്പ് നിറം അത് പിടിച്ചെടുക്കും. അതോടെ കമ്പിവേലി ചൂടാകുകയും ആളുകൾക്ക് കയറുന്നത് കൂടുതൽ ബുദ്ധിമുട്ടാവുകയും ചെയ്യും. അതിനാൽ മുഴുവൻ തെക്കൻ അതിർത്തി വേലിയും കറുപ്പ് നിറത്തിൽ പെയിന്റ് ചെയ്യാൻ പോകുകയാണ്," അവർ പറഞ്ഞു.