ടെക്‌സസ്: അടുത്ത വര്‍ഷത്തെ യു എസ് പ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്ത പുതിയ കോണ്‍ഗ്രസ് ഭൂപടങ്ങള്‍ക്ക് ടെക്‌സസ് നിയമസഭാംഗങ്ങള്‍ അംഗീകാരം നല്‍കി.
വോട്ടെടുപ്പ് തടസ്സപ്പെടുത്താനും പുനര്‍വിഭജന പദ്ധതികള്‍ക്കെതിരെ പിന്തുണക്കാരെ അണിനിരത്താനും ഡെമോക്രാറ്റുകളുടെ രണ്ടാഴ്ചത്തെ പ്രതികരണത്തിന് ശേഷം ടെക്‌സസ് പ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്‍മാര്‍ 88- 52 വോട്ടുകള്‍ക്ക് പുതിയ വോട്ടിംഗ് ലൈനുകള്‍ പാസാക്കി.
ടെക്‌സസ് സെനറ്റില്‍ ചര്‍ച്ചക്കെത്തുന്ന ഭൂപടം വേഗത്തില്‍ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഷിംഗ്ടണ്‍ ഡിസിയില്‍ പാര്‍ട്ടിയുടെ യു എസ് ഹൗസ് ഭൂരിപക്ഷം വര്‍ധിപ്പിക്കുന്ന അഞ്ച് പുതിയ റിപ്പബ്ലിക്കന്‍ ചായ്വുള്ള സീറ്റുകളാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ ടെക്‌സസിലെ സീറ്റുകള്‍ക്ക് പകരം കണ്ടെത്താന്‍ സ്വന്തം രൂപരേഖകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
യു എസ് ഹൗസില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം നിലനിര്‍ത്തുന്നതിന് അതിര്‍ത്തികള്‍ മാറ്റി വരയ്ക്കുന്നതിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണച്ചു.
കോണ്‍ഗ്രസിന്റെ ഉപരിസഭയില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് നേരിയ ഭൂരിപക്ഷമുണ്ടെങ്കിലും 2026ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ അത് നേടാനാണ് ഡെമോക്രാറ്റുകള്‍ ലക്ഷ്യമിടുന്നത്.
സംസ്ഥാന നിയമസഭയില്‍ വോട്ടെടുപ്പ് നടത്താന്‍ ആവശ്യമായ ക്വാറം റിപ്പബ്ലിക്കന്‍മാര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഡെമോക്രാറ്റുകള്‍ കഠിട പരിശ്രമം നടത്തിയതെങ്കിലും അതിനിടയില്‍ ടെക്‌സസിലെ വോട്ടെടുപ്പ് നടക്കുകയായിരുന്നു.
റിപ്പബ്ലിക്കന്‍ അംഗമായ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഹാജരാകാത്ത ഡെമോക്രാറ്റുകളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. തങ്ങള്‍ ഇല്ലാത്തപ്പോള്‍ വീടുകളില്‍ നിയമപാലകര്‍ നിരീക്ഷണം നടത്തിയതായി ഡെമോക്രാറ്റിക് അംഗങ്ങള്‍ പറയുന്നു. ഈ വിഷയത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുക എന്ന ലക്ഷ്യം നേടിയെന്ന് പറഞ്ഞാണ് നിയമനിര്‍മ്മാതാക്കള്‍ ഈ ആഴ്ച മടങ്ങിയത്.
വോട്ടെടുപ്പ് നിര്‍ത്തലാക്കാന്‍ ഡെമോക്രാറ്റുകള്‍ ശ്രമിക്കില്ലെന്ന് ഉറപ്പാക്കാന്‍ തിങ്കളാഴ്ച സ്റ്റേറ്റ്ഹൗസ് ചേംബറിന്റെ വാതിലുകള്‍ പൂട്ടാന്‍ ടെക്‌സസ് ഹൗസ് സ്പീക്കര്‍ ഡസ്റ്റിന്‍ ബറോസ് ഉത്തരവിട്ടിരുന്നു.
പുനര്‍വിഭജന വോട്ടെടുപ്പിന് ബുധനാഴ്ച സ്റ്റേറ്റ്ഹൗസിലേക്ക് ഡെമോക്രാറ്റുകള്‍ തിരിച്ചെത്തുന്നത് ഉറപ്പാക്കാന്‍ അവരെ നിയുക്ത പൊലീസ് ഉദ്യോഗസ്ഥന്റെ 'കസ്റ്റഡിയില്‍ വിടുമെന്നും' അദ്ദേഹം പറഞ്ഞു.
പൊലീസ് അകമ്പടിക്കായി ഒപ്പിടേണ്ട രേഖാമൂലമുള്ള കരാറുകള്‍ നിരവധി ഡെമോക്രാറ്റുകള്‍ കീറിയെറിഞ്ഞു. നിയമനിര്‍മ്മാതാവായ നിക്കോള്‍ കോളിയര്‍ ഒരു ഉദ്യോഗസ്ഥന്റെ അകമ്പടിയോടെ പോകുന്നതിനുപകരം ചേംബറില്‍ ഉറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ടെക്‌സസ് പുതിയ വോട്ടിംഗ് മാപ്പുകള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങിയതിനുശേഷം ഫ്േളാറിഡ, ന്യൂയോര്‍ക്ക്, ഒഹായോ, മിസോറി എന്നിവയുള്‍പ്പെടെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും നിയന്ത്രണത്തിലുള്ള മറ്റ് സംസ്ഥാനങ്ങള്‍ സമാനമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.
അഞ്ച് ജില്ലകളിലെ ഡെമോക്രാറ്റുകള്‍ക്ക് പുതിയ നേട്ടങ്ങള്‍ നല്‍കുന്ന പുതിയ ഭൂപടങ്ങളെക്കുറിച്ച് കാലിഫോര്‍ണിയയിലെ നിയമനിര്‍മ്മാതാക്കള്‍ നിലവില്‍ ചര്‍ച്ച നടത്തുകയാണ്. ഇത് ടെക്‌സസില്‍ വരുത്തിയ മാറ്റങ്ങള്‍ റദ്ദാക്കും.
ടെക്‌സസോ മറ്റ് സംസ്ഥാനങ്ങളോ റിപ്പബ്ലിക്കന്‍മാരെ അനുകൂലിക്കുന്ന മാറ്റങ്ങളുമായി മുന്നോട്ട് പോയാല്‍ മാത്രമേ ഭൂപടങ്ങള്‍ പ്രാബല്യത്തില്‍ വരൂ എന്ന് കാലിഫോര്‍ണിയയിലെ പ്രധാന വ്യവസ്ഥ പറയുന്നു.
എന്നാല്‍ ബുധനാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം എക്സില്‍ എഴുതിയത് തങ്ങളുടെ പദ്ധതിയും മുമ്പോട്ടേക്ക് എന്ന അര്‍ഥത്തിലായിരുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അനുകൂലിക്കുന്നതിന് തെരഞ്ഞെടുപ്പ് അതിര്‍ത്തികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനെതിരെ രണ്ട് പ്രധാന പാര്‍ട്ടികളും ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും വംശീയ പ്രരിതമാണെന്ന് വിധിച്ചില്ലെങ്കില്‍ നിയമപരമാണ്.
പുതിയ ജനസംഖ്യാ ഡേറ്റ യു എസ് സെന്‍സസ് പുറത്തുവിടുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെപ്പോലെ ടെക്‌സസും സാധാരണയായി ഒരു ദശകത്തിലൊരിക്കല്‍ കോണ്‍ഗ്രസ് ജില്ലകള്‍ പുനര്‍വരയ്ക്കാറുണ്ട്. 2030-ലെ അടുത്ത ജനസംഖ്യാ കണക്കെടുപ്പിന്് മുമ്പ് ഭൂപടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് വംശീയമായിട്ടാണെന്ന് ടെക്‌സസ് ഡെമോക്രാറ്റുകള്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ വാദം റിപ്പബ്ലിക്കന്‍മാര്‍ നിരാകരിക്കുകയായിരുന്നു.
കഴിഞ്ഞ ജനസംഖ്യാ കണക്കെടുപ്പിന് ശേഷം 2021-ല്‍ അംഗീകരിച്ച വോട്ടിംഗ് ഭൂപടങ്ങള്‍ ഇപ്പോഴും വംശീയ വിവേചനത്തിന്റെ അവകാശവാദങ്ങളെച്ചൊല്ലി വ്യവഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്.
ടെക്‌സസ് സ്റ്റേറ്റ്ഹൗസില്‍ നടന്ന നിരവധി ചര്‍ച്ചകളില്‍ ഒന്നില്‍ പുനര്‍വിഭജന ബില്‍ അവതരിപ്പിച്ച റിപ്പബ്ലിക്കന്‍ നിയമസഭാംഗം ടോഡ് ഹണ്ടര്‍ ഡെമോക്രാറ്റുകളെ വിമര്‍ശിച്ച് കൈയടി നേടിയിരുന്നു.
ചേംബറിലെ ഡെമോക്രാറ്റുകള്‍ ഭൂപടങ്ങളുടെ നിയമസാധുതയെ ചോദ്യം ചെയ്യുകയും റിപ്പബ്ലിക്കന്‍മാര്‍ തെരഞ്ഞെടുപ്പ് 'മോഷ്ടിക്കാന്‍' ശ്രമിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. 'ഭീരുത്വത്തെയും വഞ്ചനയെയും കുറിച്ച് നമുക്ക് സംസാരിക്കാം' എന്നാണ് ഡെമോക്രാറ്റിക് നിയമസഭാംഗം ആന്‍ ജോണ്‍സണ്‍ പറഞ്ഞത്.
'ഇതിന്റെയെല്ലാം മൂലകാരണം വംശീയതയെയും അധികാരത്തെയും ചുറ്റിപ്പറ്റിയാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു. 'ശുദ്ധമായ അധികാര കൈയടക്കല്‍.'
പുതിയ ഭൂപടങ്ങള്‍ ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ദുര്‍ബലപ്പെടുത്തുമെന്നും ഇത് ഫെഡറല്‍ നിയമത്തിന്റെ ലംഘനമാകുമെന്നും ഡെമോക്രാറ്റുകളും പൗരാവകാശ ഗ്രൂപ്പുകളും പറഞ്ഞു. കേസുമായി മുമ്പോട്ടു പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.