ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ: മുഹമ്മദ് യൂനുസിനെ പിന്തുണച്ച ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായിയെ വിമര്‍ശിച്ച് മോഹന്‍ദാസ് പൈ

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ: മുഹമ്മദ് യൂനുസിനെ പിന്തുണച്ച ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായിയെ വിമര്‍ശിച്ച് മോഹന്‍ദാസ് പൈ


ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യയ്‌ക്കെതിരെ പ്രതികരിക്കാത്ത ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസുകാരനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ വിനോദ് ഖോസ്ലയെ വിമര്‍ശിച്ച് ഇന്‍ഫോസിസ് മുന്‍ സി. എഫ്. ഒയും ബോര്‍ഡ് അംഗവുമായ മോഹന്‍ദാസ് പൈ.

ഖോസ്ലയുടെ സുഹൃത്തും ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവനുമായ മുഹമ്മദ് യൂനുസ് അധികാരത്തിലിരിക്കെ ഹിന്ദുക്കളെ കൊന്നൊടുക്കിയിട്ടും എന്താണ് പ്രതികരിക്കാത്തത് എന്നാണ് മോഹന്‍ദാസ് പൈയുടെ ചോദ്യം. ഷെയ്ഖ് ഹസീനയുടെ പതനത്തിനുശേഷം മുഹമ്മദ് യൂനുസിനെ ബംഗ്ലാദേശിന്റെ ഇടക്കാല മേധാവിയായി തിരഞ്ഞെടുത്തതിനെത്തുടര്‍ന്ന് ഖോസ്ല ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. അതേ മുഹമ്മദ് യൂനുസിന്റെ സര്‍ക്കാര്‍ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ തയ്യാറാകാത്തത്തിന്റെ രോഷപ്രകടനമാണ് മോഹന്‍ദാസ് പൈ നടത്തിയത്.

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ തലപ്പത്തേക്ക് വരുന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് ഹോസ്ല സാമൂഹിക മാധ്യമത്തില്‍ നടത്തിയ ട്വീറ്റില്‍-'നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കും. ഞാന്‍ ഒരു വലിയ ആരാധകനായതിനാല്‍ ആവേശത്തിലാണ്'. -എന്ന് എഴുതിയിരുന്നു.

'നിങ്ങളുടെ അടുത്ത സുഹൃത്ത് @Yunus_Centre നേതൃത്വം നല്‍കുന്ന ന്യൂനപക്ഷ ഹിന്ദുക്കളുടെ വംശഹത്യയ്‌ക്കെതിരെ നിങ്ങള്‍ എഴുന്നേറ്റ് പ്രതിഷേധിക്കുമോ? ജിഹാദി തീവ്രവാദികള്‍ തെരുവുകളില്‍ ഹിന്ദുക്കളെ തല്ലുകയും കൊല്ലുകയും ചെയ്യുന്നു, നിങ്ങളെപ്പോലുള്ളവരുടെ ആദരവ് കൊണ്ട് യൂനുസ് മഹത്വം കൊള്ളുന്നു. ദയവായി മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക '.

ഈ വര്‍ഷം ഓഗസ്റ്റില്‍, യൂനുസിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ ഹോസ്ലയെ വിമര്‍ശിച്ചുകൊണ്ട് പ്ലേസ്പാന്‍ സഹസ്ഥാപകനായ കാള്‍ മേത്തയും സാമൂഹികമാധ്യമത്തില്‍ പ്രതികരിച്ചിരുന്നു.

'ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ (ഷെയ്ഖ് ഹസീന) രാജ്യത്തുനിന്ന് ഓടിച്ചു.  പിന്നീട് അധികാരത്തില്‍ വന്ന അദ്ദേഹം (യൂനുസ്) നടത്തുന്ന ഹിന്ദു വംശഹത്യ നിങ്ങള്‍ കണ്ടിട്ടില്ലെന്ന് ഞാന്‍ കരുതണോ?' -മേത്ത ചോദിച്ചു.

സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചും പുരുഷന്മാരെ ജീവനോടെ കത്തിക്കുന്നതിനെക്കുറിച്ചും ഹിന്ദുക്കളുടെ കടകളും വീടുകളും കൊള്ളയടിക്കപ്പെടുന്നതിനെക്കുറിച്ചും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ഖോസ്ല യൂനുസിനെ വിളിച്ച് ചോദിക്കണമെന്ന് മേത്ത ആവശ്യപ്പെട്ടു.

'നിങ്ങളുടെ സുഹൃത്തിനെ വിളിച്ച് നിങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാം അല്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകളെ മരിക്കാന്‍ അനുവദിക്കാം' .-മേത്ത പറഞ്ഞു.

ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായതിനുശേഷം ബംഗ്ലാദേശിലെ 170 ദശലക്ഷം ജനങ്ങളില്‍ എട്ട് ശതമാനം വരുന്ന ഹിന്ദു ന്യൂനപക്ഷത്തിന്റെ സ്ഥിതി  കൂടുതല്‍ വഷളായി. 50-ലധികം ജില്ലകളിലായി ഹിന്ദുക്കള്‍ക്കെതിരെ 200-ലധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  

ഹിന്ദു ആത്മീയനേതാവ് ചിന്‍മോയ് കൃഷ്ണ ദാസിനെ ഈ ആഴ്ച അറസ്റ്റ് ചെയ്തത് സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍) അംഗമായ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കുകയും ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അറസ്റ്റ് ധാക്കയിലും ചട്ടോഗ്രാമിലും മറ്റ് നഗരങ്ങളിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.  

ദാസിന്റെ അറസ്റ്റ്, ചിറ്റഗോങ്ങിലെ കാളി മന്ദിര്‍ നശിപ്പിക്കല്‍, ബംഗ്ലാദേശിലുടനീളം ഹിന്ദുക്കള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് അമേരിക്ക (വിഎച്ച്പിഎ) പ്രസിഡന്റ് അജയ് ഷാ പറഞ്ഞു. 'ബൈഡന്‍ ഭരണകൂടം ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന മനുഷ്യാവകാശ പാരമ്പര്യം ഇതാണോ? ' എന്നും ഷാ ചോദിച്ചു.

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയെക്കുറിച്ച് ആഗോള മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാത്തതിനെ വിഎച്ച്പിഎ ജനറല്‍ സെക്രട്ടറി അമിതാഭ് മിത്തലും വിമര്‍ശിച്ചു.

 'ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ നിശബദ്ത പാലിക്കുന്നു. അടുത്തിടെ ഒരു ഇസ്‌കോണ്‍ പുരോഹിതനെ അറസ്റ്റ് ചെയ്തതും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അക്രമാസക്തമായ ആക്രമണങ്ങളും മതപരമായ അസഹിഷ്ണുത ഭയാനകമായി വര്‍ദ്ധിച്ചതിനു ഉദാഹരണമാണെന്ന് അമിതാഭ് മിത്തല്‍ പറഞ്ഞു.  

ബീജിങ്ങുമായി ബന്ധമുള്ള ബംഗ്ലാദേശിലെ പദ്ധതികള്‍ക്ക് യുഎസ് നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവയ്ക്കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അയച്ച കത്തില്‍, ഹിന്ദൂസ് ഫോര്‍ അമേരിക്ക ഫസ്റ്റ് (എച്ച്എഫ്എഎഫ്) ആവശ്യപ്പെട്ടു.

'ദുര്‍ബലരായ സമൂഹങ്ങളെ സംരക്ഷിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ എന്തുചെയ്തു എന്നു വിലയിരുത്തിമാത്രമേ യുഎസ് എന്തെങ്കിലും സഹായം ചെയ്യാവൂ എന്നും എച്ച്എഫ്എഎഫ് ഭാരവാഹി സന്ധുജ എഴുതി. 'നികുതിദായകരുടെ ഡോളര്‍ ഒരിക്കലും തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ജമാ അത്തെ ഇസ്ലാമി, ഹെഫാസത്ത് ഇ ഇസ്ലാം തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുമായി ചില ബംഗ്ലാദേശ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും ഈ ബന്ധങ്ങള്‍ യുഎസ് സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും സന്ധുജ ആരോപിച്ചു. തീവ്രവാദ പ്രത്യയശാസ്ത്രങ്ങള്‍ അമേരിക്കന്‍ മണ്ണിലേക്ക് വ്യാപിക്കുന്നത് തടയാന്‍ വിസ നിയന്ത്രണങ്ങളും കര്‍ശനമായ മേല്‍നോട്ടവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'തീരുവ ചുമത്തുന്നതിലൂടെ, ബംഗ്ലാദേശിന് ശക്തമായ സന്ദേശം നല്‍കാനും യുഎസിന് സ്വന്തം ഉല്‍പ്പാദന മേഖലയ്ക്ക് മുന്‍ഗണന നല്‍കാനും കഴിയും. അമേരിക്കയുടെ സുരക്ഷാ മുന്‍ഗണനകളുമായി യോജിക്കുന്നതുവരെ യുഎസ് പ്രതിരോധ സാങ്കേതികവിദ്യയിലേക്കും ഇന്റലിജന്‍സ് പങ്കിടല്‍ പരിപാടികളിലേക്കും ബംഗ്ലാദേശിന് താല്‍ക്കാലികമായി പ്രവേശനം നിര്‍ത്തിവെയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.