'അമേരിക്കയെ ഇത്ര നന്നായി ആരും മനസ്സിലാക്കിയിട്ടില്ല': യൂട്ടാ യൂണിവേഴ്‌സിറ്റി പരിപാടിക്കിടെ വെടിയേറ്റ് മരിച്ച സുഹൃത്ത് ചാര്‍ളി കിര്‍ക്കിനെക്കുറിച്ച് ട്രംപ്

'അമേരിക്കയെ ഇത്ര നന്നായി ആരും മനസ്സിലാക്കിയിട്ടില്ല': യൂട്ടാ യൂണിവേഴ്‌സിറ്റി പരിപാടിക്കിടെ വെടിയേറ്റ് മരിച്ച സുഹൃത്ത് ചാര്‍ളി കിര്‍ക്കിനെക്കുറിച്ച് ട്രംപ്


അമേരിക്കയെ ഇത്ര നന്നായി ആരും മനസ്സിലാക്കിയ മറ്റൊരു യുവാവില്ല, യൂട്ടാ യൂണിവേഴ്‌സിറ്റി പരിപാടിക്കിടെ വെടിയേറ്റ് മരിച്ച സുഹൃത്തും വലതുപക്ഷ കമന്റേറ്ററുമായ ചാര്‍ളി കിര്‍ക്കിനെക്കുറിച്ച് അമേരിക്കയുടെ പ്രസിഡന്റ് ട്രംപ് ആ സംഭവത്തിനുശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. 

ബുധനാഴ്ച (സെപ്റ്റംബര്‍ 10) ഒറെമിലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പരിപാടിക്കിടെ ചാര്‍ലിക്ക് വെടിയേറ്റ് മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്നെയാണ് പ്രഖ്യാപിച്ചത്. അമേരിക്കയിലെ യുവാക്കളെ ആഴത്തില്‍ മനസ്സിലാക്കിയ ഒരു 'മഹാനായ' 'ഇതിഹാസ' വ്യക്തിയാണ് ചാര്‍ലിയെന്ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു.  കിര്‍ക്കിന്റെ ഭാര്യ എറിക്കയ്ക്കും കുടുംബത്തിനും തന്റെയും പ്രഥമ വനിത മെലാനിയ ട്രംപിന്റെയും പേരില്‍ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. വെടിയേറ്റതിനെത്തുടര്‍ന്ന്, കിര്‍ക്കിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി സര്‍വകലാശാല വക്താവ് പറഞ്ഞു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ സംസ്ഥാന സ്ഥാപനങ്ങളിലും അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

പ്രമുഖ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനും ട്രംപിന്റെ ജനപ്രിയ സുഹൃത്തുക്കളില്‍ ഒരാളുമായിരുന്നു കിര്‍ക്ക്. യുഎസ് കാമ്പസുകളിലെ വിദ്യാര്‍ത്ഥികളിലേക്ക് യാഥാസ്ഥിതിക ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകന്‍ എന്ന നിലയിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. ദശലക്ഷക്കണക്കിന് അനുയായികളുള്ള ഒരു പോഡ്കാസ്റ്റ് ഹോസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. എക്‌സില്‍ അദ്ദേഹത്തിന് 5.2 ദശലക്ഷം ഫോളോവേഴ്‌സും ടിക് ടോക്കില്‍ 7.3 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്. അദ്ദേഹത്തെ വെടിവയ്ക്കുന്നതിന്റെ ഒരു ഗ്രാഫിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍, കിര്‍ക്കിന്റെ കഴുത്തില്‍ വെടിയുണ്ട തറച്ച് രക്തം ഒഴുകുന്നത് വീഡിയോയില്‍ കാണാം.

ആരാണ് വെടിവെച്ചത്?

ഒരു സംശയിക്കപ്പെടുന്ന വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു, യഥാര്‍ത്ഥ അക്രമിയല്ല അതെന്ന് പോലീസ് പറഞ്ഞതിനെ തുടര്‍ന്നാണ് അയാളെ മോചിപ്പിച്ചത്. കസ്റ്റഡിയിലെടുത്തത് മൈക്കല്‍ മല്ലിന്‍സണ്‍ എന്നയാളെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, കിര്‍ക്കിന്റെ മരണവാര്‍ത്ത ട്രംപ് പങ്കുവെച്ചതോടെ, കസ്റ്റഡിയില്‍ നിലവില്‍ ആരും ഇല്ലെന്ന് യൂട്ടാ വാലി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലെ പ്രസ്താവനകളില്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ കാമ്പസ് വിടാന്‍ അഭ്യര്‍ത്ഥിച്ചതായും സര്‍വകലാശാല അറിയിച്ചതായി യൂട്ടാ വാലി യൂണിവേഴ്‌സിറ്റി വക്താവ് സ്‌കോട്ട് ട്രോട്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു. യൂട്ടാ വാലി യൂണിവേഴ്‌സിറ്റി ഒറെം കാമ്പസിലെ ഫുഡ് കോര്‍ട്ടിനടുത്തുള്ള ക്വാഡിലാണ് കിര്‍ക്ക് തന്റെ മുന്‍കൂട്ടി തീരുമാനിച്ചു സംഘടിപ്പിച്ച റാലിയില്‍ സംസാരിച്ചത്.