എലോണ്‍ മസ്‌ക്കിന്റെ ഒരു മില്യണ്‍ ഡോളര്‍ വോട്ടര്‍ തന്ത്രം അന്വേഷിക്കണമെന്ന് പെന്‍സില്‍വാനിയ ഗവര്‍ണര്‍

എലോണ്‍ മസ്‌ക്കിന്റെ ഒരു മില്യണ്‍ ഡോളര്‍ വോട്ടര്‍ തന്ത്രം അന്വേഷിക്കണമെന്ന് പെന്‍സില്‍വാനിയ ഗവര്‍ണര്‍


പെന്‍സില്‍വാനിയ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ എല്ലാ ദിവസവും കീ സ്വിംഗ് സംസ്ഥാനങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന നിവേദനത്തില്‍ ഒപ്പിടുന്ന രജിസ്റ്റര്‍ ചെയ്ത വോട്ടര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ നല്‍കാനുള്ള എലോണ്‍ മസ്‌കിന്റെ പുതിയ തന്ത്രം നിയമപാലകര്‍ പരിശോധിക്കണമെന്ന് പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ ആവശ്യപ്പെട്ടു.

വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് നിരോധിക്കുന്ന നിയമങ്ങളുടെ ലംഘനമാണിതെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു. ഞായറാഴ്ച ഷാപ്പിറോ സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചു. തിങ്കളാഴ്ചയാണ് വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പെന്‍സില്‍വാനിയയുടെ സമയപരിധി.

'ഈ മത്സരത്തില്‍ മസ്‌ക് എങ്ങനെ പണം ചെലവഴിക്കുന്നു, പെന്‍സില്‍വാനിയയിലേക്ക് മാത്രമല്ല, ഇപ്പോള്‍ പെന്‍സില്‍വാനിയക്കാരുടെ പോക്കറ്റിലേക്ക് കള്ളപ്പണം എങ്ങനെ ഒഴുകുന്നു എന്നതിനെക്കുറിച്ചും യഥാര്‍ത്ഥ ചോദ്യങ്ങളുണ്ടെന്നും അത് ഏറെ ആശങ്കാജനകമാണെന്നും ഷാപ്പിറോ ഞായറാഴ്ച എന്‍ബിസിയുടെ മീറ്റ് ദി പ്രസ്സിനോട് പറഞ്ഞു.

 'ഇത് നിയമപാലകര്‍ പരിശോധിക്കേണ്ട കാര്യമാണ്. ഞാന്‍ ഞാന്‍ പെന്‍സില്‍വാനിയയുടെ അറ്റോര്‍ണി ജനറലല്ല, ഗവര്‍ണറാണ്, പക്ഷേ ഈ വിഷയം ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്- പിന്നീട് അഭിമുഖത്തില്‍ ഷാപ്പിറോ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച മസ്‌ക് പദ്ധതി പ്രഖ്യാപിച്ചതുമുതല്‍ പെന്‍സില്‍വാനിയയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വോട്ടര്‍മാര്‍ക്ക് അദ്ദേഹം സമ്മാനം നല്‍കി. മസ്‌കിന്റെ ടൗണ്‍ഹാള്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് നിവേദനത്തില്‍ ഒപ്പിടുന്നതും ഇപ്പോള്‍ ഒരു മുന്‍വ്യവസ്ഥയാണ്.

ട്രംപിന്റെ 2024 ലെ പ്രസിഡന്റ് പ്രചാരണത്തെ പിന്തുണയ്ക്കുന്ന അമേരിക്ക പാക് എന്ന രാഷ്ട്രീയ പ്രവര്‍ത്തന സമിതിക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മസ്‌ക് ഏകദേശം 75 മില്യണ്‍ ഡോളര്‍ നല്‍കിയതായി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 14 ദിവസം മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് വിദഗ്ധരെ സംബന്ധിച്ചിടത്തോളം, ട്രംപ് വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മസ്‌ക്കിന്റെ നിവേദനവും സമ്മാനവും.

വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരാള്‍ക്ക് പണം നല്‍കുന്നതും പണം വാഗ്ദാനം ചെയ്യുന്നതും നിരോധിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ മസ്‌ക് ലംഘിക്കുന്നതായി നിരവധി നിയമ വിദഗ്ധര്‍ പറഞ്ഞു.

ഇതിനെ 'നിയമവിരുദ്ധമായ വോട്ട് വാങ്ങല്‍' എന്ന് യുസിഎല്‍എ നിയമ പ്രൊഫസറായ റിക്ക് ഹസന്‍ വിശേഷിപ്പിച്ചു. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് പേയ്‌മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ അമേരിക്ക പാക് 1 മില്യണ്‍ ഡോളര്‍ സമ്മാന നറുക്കെടുപ്പ് നിയമവിരുദ്ധമായ പദ്ധതിയാണെന്ന്  റിക്ക് ഹസന്‍ പറഞ്ഞു.

'മസ്‌ക് ചെയ്ത മറ്റ് ചില കാര്യങ്ങള്‍ അവ്യക്തമായ നിയമസാധുതയുടേതായിരിക്കാമെങ്കിലും, ഇത് വ്യക്തമായും നിയമവിരുദ്ധമാണ്', ഹസന്‍ പറഞ്ഞു.

'പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കുന്ന ഏഴ് സ്വിംഗ് സംസ്ഥാനങ്ങളില്‍ ഒന്നില്‍' രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് മാത്രമേ സമ്മാനം ലഭ്യമാകൂ എന്നതിനാല്‍, മത്സരത്തെ സ്വാധീനിക്കാനുള്ള മസ്‌കിന്റെ ഉദ്ദേശ്യത്തിന്റെ തെളിവാണിതെന്ന് മുന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനും നിഷ്പക്ഷമായ സെന്റര്‍ ഫോര്‍ ഇലക്ഷന്‍ ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ സ്ഥാപകനുമായ ഡേവിഡ് ബെക്കര്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഇത് നിയമപരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.