'ആനുകൂല്യം, അവകാശമല്ല': ധാര്‍മിക സ്വഭാവ പരിശോധന കൂടി ഉള്‍പ്പെടുത്തി യു എസ് പൗരത്വ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

'ആനുകൂല്യം, അവകാശമല്ല': ധാര്‍മിക സ്വഭാവ പരിശോധന കൂടി ഉള്‍പ്പെടുത്തി യു എസ് പൗരത്വ നിയമങ്ങള്‍ കര്‍ശനമാക്കുന്നു


വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ യു എസ് പൗരത്വ യോഗ്യത നേടുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന പുതിയ നിയമങ്ങള്‍ ട്രംപ് ഭരണകൂടം പുറത്തിറക്കി, അപേക്ഷകരുടെ പെരുമാറ്റം, മൂല്യങ്ങള്‍, സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയുടെ സമഗ്രമായ അവലോകനത്തില്‍ 'നല്ല ധാര്‍മ്മിക സ്വഭാവം' കൂടി ഉള്‍പ്പെടുത്തി. 

യു എസ് പൗരത്വമെന്നാല്‍ പൗരത്വത്തിന്റെ സുവര്‍ണ്ണ നിലവാരമാണെന്നും ലോകത്തിലെ ഏറ്റവും മികച്ചവരില്‍ ഏറ്റവും മികച്ചവര്‍ക്ക് മാത്രമേ അത് നല്‍കാവൂ എന്നും യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) വക്താവ് മാത്യു ട്രാഗെസ്സര്‍ സി ബി എസ് ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയിലെ ഏറ്റവും പുതിയ പൗരന്മാര്‍ അമേരിക്കയുടെ സംസ്‌കാരം, ചരിത്രം, ഭാഷ എന്നിവ സ്വീകരിക്കുക മാത്രമല്ല നല്ല ധാര്‍മ്മിക സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പുതിയ ഘടകം യു എസ് സി ഐ എസ് ചേര്‍ക്കുന്നുവെന്നും ട്രാഗെസ്സര്‍ പറഞ്ഞു. 

രാജ്യത്തിന്റെ നിയമപരമായ കുടിയേറ്റ സംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയായ യു എസ് സി ഐ എസ് പുറപ്പെടുവിച്ച നിര്‍ദ്ദേശം യു എസ് ഇമിഗ്രേഷനിലേക്കുള്ള പ്രവേശനം കര്‍ശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നീക്കത്തെ അടയാളപ്പെടുത്തുന്നു.

പരമ്പരാഗതമായി യു എസ് സ്ഥിര താമസമോ ഗ്രീന്‍ കാര്‍ഡുകളോ ഉള്ള നിയമപരമായ കുടിയേറ്റക്കാര്‍ ഇംഗ്ലീഷ്, പൗരാവകാശ പരിശോധനകളില്‍ വിജയിക്കുകയും 'നല്ല ധാര്‍മ്മിക സ്വഭാവം' പ്രകടിപ്പിക്കുകയും ചെയ്താല്‍, മൂന്നോ അഞ്ചോ വര്‍ഷത്തെ കാലയളവിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയും.

പതിറ്റാണ്ടുകളായി കൊലപാതകം, ഗുരുതരമായ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍, അല്ലെങ്കില്‍ 'പതിവ് മദ്യപാനി' ആയി കണക്കാക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അപേക്ഷകര്‍ ഒഴിവാക്കിയാല്‍ പ്രസ്തുത ആവശ്യകത പൊതുവെ തൃപ്തിപ്പെട്ടിരുന്നു. എന്നാല്‍ പുതിയ നയത്തിന്റെ നിര്‍വചനത്തില്‍ ഉദ്യോഗസ്ഥര്‍ 'മെക്കാനിക്കല്‍ അവലോകനത്തിന്' അപ്പുറം പോകണമെന്ന് പറയുന്നു.

പകരം, അവര്‍ 'പെരുമാറ്റം, സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കല്‍, നല്ല ധാര്‍മ്മിക സ്വഭാവം സ്ഥിരമായി പ്രകടിപ്പിക്കുന്ന പോസിറ്റീവ് സംഭാവനകള്‍ എന്നിവയുടെ സമഗ്രമായ വിലയിരുത്തല്‍' നടത്തണം.

സമൂഹ പങ്കാളിത്തം, കുടുംബ പരിചരണം, വിദ്യാഭ്യാസ നേട്ടം, നിയമപരവും സ്ഥിരതയുള്ളതുമായ തൊഴില്‍, നികുതി അനുസരണം, യു എസില്‍ ചെലവഴിക്കുന്ന സമയം തുടങ്ങിയ പോസിറ്റീവ് ഗുണങ്ങളില്‍ 'കൂടുതല്‍ ഊന്നല്‍' നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുന്നു. അതേസമയം, കുറ്റകൃത്യങ്ങളില്‍ കുറവാണെങ്കില്‍ പോലും മോശം ധാര്‍മ്മിക സ്വഭാവം സൂചിപ്പിക്കുന്ന പെരുമാറ്റത്തിന് 'കൂടുതല്‍ സൂക്ഷ്മപരിശോധന' പ്രയോഗിക്കാനും അവരോട് നിര്‍ദ്ദേശിക്കുന്നു. അതില്‍ 'അശ്രദ്ധമായോ പതിവായോ ഉള്ള ഗതാഗത നിയമലംഘനങ്ങള്‍, അല്ലെങ്കില്‍ ഉപദ്രവിക്കല്‍ അല്ലെങ്കില്‍ ആക്രമണാത്മകമായ അഭ്യര്‍ഥനകള്‍'' എന്നിവ ഉള്‍പ്പെടുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്  സ്വദേശവല്‍ക്കരണത്തിന് അപേക്ഷിക്കുന്നവര്‍ നല്ല ധാര്‍മ്മിക സ്വഭാവമുള്ള വ്യക്തിയായിരുന്നുവെന്നും ഇപ്പോഴും തുടരുന്നുവെന്നും തെളിയിക്കണം''.

അമേരിക്കയില്‍ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് മറ്റൊരു തിരിച്ചടിയായി ട്രംപ് ഭരണകൂടം അപേക്ഷകരെ 'അമേരിക്കന്‍ വിരുദ്ധതയുടെ' ലക്ഷണങ്ങള്‍ളുണ്ടോ എന്ന് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചു.

ഗ്രീന്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷകര്‍ അമേരിക്കന്‍ വിരുദ്ധ, തീവ്രവാദ, അല്ലെങ്കില്‍ സെമിറ്റിക് വിരുദ്ധ വീക്ഷണങ്ങളെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ പിന്തുണക്കുകയോ ചെയ്തിച്ചുണ്ടോ  എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്ന് യു എസ് പൗരത്വ, ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) പറഞ്ഞു.

രാജ്യത്തെ വെറുക്കുകയും അമേരിക്കന്‍ വിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയുടെ ആനുകൂല്യങ്ങള്‍ നല്‍കരുതെന്ന് യു എസ് സി ഐ എസ് വക്താവ് മാത്യു ട്രാഗെസര്‍ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും ഉള്ള കുടിയേറ്റ ആനുകൂല്യങ്ങള്‍ അവകാശമല്ലെന്നും മറിച്ച് പദവിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ വിരുദ്ധത എന്താണെന്ന് നിര്‍വചിക്കുന്ന വിശദമായ പട്ടിക യു എസ് സി ഐ എസ് പുറത്തിറക്കിയിട്ടില്ല. ഈ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ, എപ്പോള്‍ പ്രയോഗിക്കുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

യു എസ് സി ഐ എസ് ഡേറ്റ പ്രകാരം കഴിഞ്ഞ ദശകത്തില്‍ പ്രതിവര്‍ഷം ആറു ലക്ഷം മുതല്‍ പത്തുലക്ഷം വരെ കുടിയേറ്റക്കാരെ യു എസ് അംഗീകരിച്ചിട്ടുണ്ട്.