എട്ട് ലാറ്റിന്‍ അമേരിക്കന്‍ കാര്‍ട്ടലുകളെ 'വിദേശ ഭീകര സംഘടനകളായി' പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

എട്ട് ലാറ്റിന്‍ അമേരിക്കന്‍ കാര്‍ട്ടലുകളെ 'വിദേശ ഭീകര സംഘടനകളായി' പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം


വാഷിംഗ്ടണ്‍: യുഎസില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ട്ടലുകള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചുകൊണ്ട് എട്ട് ലാറ്റിന്‍ അമേരിക്കന്‍ കുറ്റകൃത്യ സംഘടനകളെ ട്രംപ് ഭരണകൂടം ഔദ്യോഗികമായി 'വിദേശ ഭീകര സംഘടനകളായി' പ്രഖ്യാപിച്ചു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനുവരി 20 ലെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം നടപ്പിലാക്കുന്ന ഈ നീക്കം വെനിസ്വേലയിലെ ട്രെന്‍ ഡി അരാഗ്വയെയും എല്‍ സാല്‍വഡോറിലെ എംഎസ്-13 തുടങ്ങിയ സംഘങ്ങളെക്കുറിച്ച് പേരെടുത്തു പറയുന്നുണ്ട്. ബുധനാഴ്ചത്തെ ഒരു നോട്ടീസ് പ്രകാരം ഫെഡറല്‍ രജിസ്റ്ററിന്റെ വ്യാഴാഴ്ചത്തെ പതിപ്പില്‍ ഈ പദവി പ്രസിദ്ധീകരിക്കും.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തി സുരക്ഷിതമാക്കുന്നത് തന്റെ ഭരണകൂടത്തിന്റെ മുന്‍ഗണനകളില്‍ ഒന്നാക്കി, കൂട്ട നാടുകടത്തല്‍ നടത്തുമെന്നും, അതിര്‍ത്തിയിലേക്ക് സജീവ സൈനികരെ അയയ്ക്കുമെന്നും, കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിന് ചില രാജ്യങ്ങളുമായി കരാറുകളില്‍ എത്തുമെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് പ്രതിജ്ഞയെടുത്തിരുന്നു. വിജ്ഞാപനം വ്യാഴാഴ്ച ഫെഡറല്‍ രജിസ്റ്ററില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

സാമ്പത്തിക-മയക്കുമരുന്നു കടത്ത് കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് 'വിദേശ ഭീകര സംഘടന' എന്ന ലേബല്‍ നല്‍കുന്നത് അസാധാരണമായ നടപടിയാണ്. സാധാരണയായി അല്‍-ഖ്വയ്ദ അല്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് മാത്രമായാണ് ഭീകര പദവി ഉപയോഗിക്കുന്നത്.

മയക്കുമരുന്ന് കടത്ത്, കുടിയേറ്റക്കാരുടെ മനുഷ്യക്കടത്ത്, അവരുടെ പ്രദേശം വികസിപ്പിക്കാനുള്ള അക്രമാസക്തമായ പ്രേരണകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ അന്താരാഷ്ട്ര ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും ഈ പദവിക്ക് അര്‍ഹമാണെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു.

ലാറ്റിന്‍ അമേരിക്കയുമായുള്ള ബന്ധങ്ങളെ തകര്‍ക്കുകയും വ്യാപാരത്തെ സ്തംഭിപ്പിക്കുകയും ചെയ്യുന്ന അനാവശ്യവും വിപുലവും കഠിനവുമായ നീക്കമാണിതെന്നാണ് ഈ നീക്കത്തെ വിമര്‍ശകര്‍ വിശേഷിപ്പിച്ചത്. അറിഞ്ഞോ അറിയാതെയോ കാര്‍ട്ടലുകളുമായി നേരിട്ടോ അല്ലാതെയോ ഏതെങ്കിലും ഇടപാടുകള്‍ നടത്തിയാല്‍ യുഎസ് പ്രോസിക്യൂഷന്‍ ഉണ്ടാകുമെന്ന് ബിസിനസുകള്‍ക്കും ബാങ്കുകള്‍ക്കും വാങ്ങുന്നവര്‍ക്കും ഭയപ്പെടേണ്ടിവരും.

മയക്കുമരുന്ന് കടത്തും കുടിയേറ്റക്കാരുടെ കള്ളക്കടത്തും മാത്രമല്ല, കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന അവോക്കാഡോ ബിസിനസിന്റെ നിയന്ത്രണത്തിനായി പോരാടുന്ന കാര്‍ട്ടലുകളും മെക്‌സിക്കോയുടെ സമ്പദ്വ്യവസ്ഥയില്‍ വ്യാപകമായുണ്ട്.

മുന്‍കാലങ്ങളില്‍ ചില യുഎസ് ഗ്രൂപ്പുകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ചത് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ ഇറക്കുമതിക്ക് ഭീഷണിയായിയിട്ടുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. ഉദാഹരണത്തിന്, ഭരണകൂടം ലക്ഷ്യംവയ്ക്കുന്ന ഗ്രൂപ്പുകളെ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചേക്കാമെന്ന ഭയംമൂലം ഷിപ്പിംഗ് കമ്പനികളുടെ പ്രവര്‍ത്തനം നിലയ്ക്കും.
'നമ്മളെല്ലാവരും മയക്കുമരുന്ന് കാര്‍ട്ടലുകളെ നേരിടാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ട്രംപിന്റെ ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പ്രതികരിച്ചു.

യുഎസ് 'അവരുടെ പ്രദേശത്തും നമ്മള്‍  നമ്മുടെ പ്രദേശത്തും കാര്‍ട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഷെയിന്‍ബോം പറഞ്ഞു.