റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മികച്ച ചുവടുവെയ്പുകളെന്ന് ട്രംപ്

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മികച്ച ചുവടുവെയ്പുകളെന്ന് ട്രംപ്


വാഷിങ്ടണ്‍: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മികച്ച ചുവടുവയ്പാണ് യുക്രെയ്ന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലന്‍സ്‌കിയും യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഫലം കണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. റഷ്യയും യുക്രെയ്‌നും തമ്മില്‍ സമാധാന സാധ്യതയെ കുറിച്ച് എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടെന്നും സെലന്‍സ്‌കിയും പുട്ടിനും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ട്രംപ് പ്രഖ്യാപിച്ചു.

യൂറോപ്യന്‍ നേതാക്കളുമായും നാറ്റോ ഉദ്യോഗസ്ഥരുമായും വൈറ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. സമാധാനത്തിന്റെ പാതയിലേയ്ക്ക് ഏറ്റവും അടുത്തു കൊണ്ടിരിക്കുകയാണ്.

ഇനി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും യുക്രെയ്ന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലന്‍സ്‌കിയും നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായുള്ള നീക്കമാണ് നടത്തുന്നത്. സെലന്‍സ്‌കിയും യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാരുമായി നടത്തിയ ചര്‍ച്ച വളരെ മികച്ചതായിരുന്നു. അടുത്തഘട്ട ചര്‍ച്ചകളെക്കുറിച്ചും ഇവരുമായി ആശയ വിനിമയം നടത്തിയെന്നും ട്രംപ് വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെഴ്‌സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവര്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. യുക്രെയ്‌നിന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്ന് നല്‍കുന്ന സുരക്ഷാ ഉറപ്പുകളും യോഗത്തില്‍ ചര്‍ച്ചയായി. യോഗത്തിനു ശേഷം ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി ഫോണില്‍ സംസാരിച്ചു. 40 മിനിറ്റോളം ഇരുവരും ചര്‍ച്ച നടത്തിയതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക ദൗത്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരായിരുന്നു ട്രംപിനൊപ്പം സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയില്‍ പങ്കാളികളായത്.