യു എസും ചൈനയും 90 ദിവസത്തേക്ക് താരിഫ് കുറക്കുന്നു

യു എസും ചൈനയും 90 ദിവസത്തേക്ക് താരിഫ് കുറക്കുന്നു


ജനീവ: യു എസും ചൈനയും 90 ദിവസത്തേക്ക് ഇറക്കുമതി താരിഫ് ഗണ്യമായി കുറയ്ക്കാന്‍ തീരുമാനിച്ചു. 90 ദിവസത്തേക്ക് ഇരു രാജ്യങ്ങളും പരസ്പര താരിഫ് 115 ശതമാനം കുറയ്ക്കുമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇരു രാജ്യങ്ങളും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തിയതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ചര്‍ച്ചയാണിത്.

വന്‍ താരിഫുകള്‍ സാമ്പത്തിക വിപണികളില്‍ പ്രതിസന്ധിയുണ്ടാക്കുകയും ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

പ്രസിഡന്റ് ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് 145 ശതമാനം താരിഫാണ് ഏര്‍പ്പെടുത്തിയത്. അതേസമയം ബീജിംഗ് ചില യു എസ് ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം ലെവി ചുമത്തി പ്രതികരിച്ചു.

ചര്‍ച്ചകള്‍ക്ക് ശേഷം ചൈനീസ് ഇറക്കുമതികള്‍ക്കുള്ള യു എസ് താരിഫ് 90 ദിവസത്തേക്ക് 30 ശതമാനം ആയി കുറയ്ക്കും. അതേസമയം യു എസ് ഇറക്കുമതികള്‍ക്കുള്ള ചൈനീസ് താരിഫ് അതേ കാലയളവില്‍ 10 ശതമാനം ആയിരിക്കും. മെയ് 14നാണ് താത്ക്കാലിക താരിഫ് മാറ്റം ആരംഭിക്കുക. 

ശക്തമായ ഓപിയോയിഡ് മരുന്നായ ഫെന്റനൈലിന്റെ നിയമവിരുദ്ധ വ്യാപാരം തടയുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് ബീജിംഗില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികളും യു എസ് സ്വീകരിക്കുന്നുണ്ട്. 

താരിഫ് ഏര്‍പ്പെടുത്തല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മന്ദഗതിയിലാകാനുള്ള സാധ്യത വര്‍ധിപ്പിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള കപ്പലുകളില്‍ ഗണ്യമായ കുറവുണ്ടായതായി യു എസ് തുറമുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താരിഫുകള്‍ സമ്പദ്വ്യവസ്ഥയില്‍ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് ബീജിംഗിനാണ് കൂടുതല്‍ ആശങ്ക. ഫാക്ടറി ഉത്പാദനം ഇതിനകം മന്ദഗതിയിലാവുകയും യു എസിലേക്കുള്ള ചരക്കുകളുടെ ഉത്പാദനം നിലച്ചതോടെ ചില സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭിന്നതകള്‍ പരിഹരിക്കുന്നതിനുള്ള സഹകരണം ആഴത്തിലാക്കുന്നതിനും അടിത്തറയിടുന്നതിനുമുള്ള പ്രധാന ചുവടുവയ്പ്പാണ് യു എസുമായി ഉണ്ടാക്കിയ കരാറെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു.

കരാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഓഹരി വിപണികളെ ഉത്തേജിപ്പിച്ചു. ഹോങ്കോങ്ങിന്റെ ബെഞ്ച്മാര്‍ക്ക് ഹാംഗ് സെങ് സൂചിക ദിവസം 3 ശതമാനം ഉയര്‍ന്നു. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനുമുമ്പ് ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.8 ശതമാനം ഉയര്‍ന്നു.