അഭയാര്‍ത്ഥി പുനരധിവാസ ധനസഹായം നിര്‍ത്തിയ ട്രംപ് ഭരണകൂടത്തിനെതിരെ യുഎസ് കത്തോലിക്കാ ബിഷപ്പുമാര്‍ കേസ് ഫയല്‍ ചെയ്തു

അഭയാര്‍ത്ഥി പുനരധിവാസ ധനസഹായം നിര്‍ത്തിയ ട്രംപ് ഭരണകൂടത്തിനെതിരെ യുഎസ് കത്തോലിക്കാ ബിഷപ്പുമാര്‍ കേസ് ഫയല്‍ ചെയ്തു


വാഷിംഗ്ടണ്‍: അഭയാര്‍ത്ഥി പുനരധിവാസത്തിനുള്ള ധനസഹായം പെട്ടെന്ന് നിര്‍ത്തിവച്ചതിന് കത്തോലിക്കാ ബിഷപ്പുമാര്‍ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. ഭരണകൂട നടപടി നിയമവിരുദ്ധവും പുതുതായി വന്ന അഭയാര്‍ത്ഥികള്‍ക്കും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പുനരധിവാസ പദ്ധതിക്കും ദോഷകരവുമാണെന്ന് ബിഷപ്പുമാര്‍ ആരോപിച്ചു.

ധനസഹായം പെട്ടെന്ന് നിര്‍ത്തലാക്കുന്നതിന് മുമ്പ് ഉണ്ടായ ചെലവുകളുടെ തിരിച്ചടവുകള്‍ക്ക് പോലും ദശലക്ഷക്കണക്കിന് പണം തടഞ്ഞുവയ്ക്കുന്നതിലൂടെ ഭരണകൂടം വിവിധ നിയമങ്ങളെയും ഫണ്ടിംഗ് ഇതിനകം അംഗീകരിച്ച കോണ്‍ഗ്രസിന് പണത്തിന്റെ അധികാരം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥയും ലംഘിച്ചിരിക്കുകയാണെന്ന് ഹര്‍ജി നല്‍കിയ യുഎസ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി.

ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി സര്‍വീസസ് 50 തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഘടനയുടെ ജീവനക്കാരുടെ പകുതിയിലധികം പേരും, ദേശീയ ഓഫീസുമായി പങ്കാളിത്തമുള്ള പ്രാദേശിക കത്തോലിക്കാ ചാരിറ്റീസ് ഓഫീസുകളില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

'കത്തോലിക്കാ സഭ എല്ലാവരുടെയും പൊതുനന്മ ഉയര്‍ത്തിപ്പിടിക്കുന്നതിനും മനുഷ്യരുടെ, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവരുടെ, അന്തസ്സ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് യുഎസ് സിസിബി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ പറഞ്ഞു. ഫണ്ടിംഗ് നിര്‍ത്തിവച്ചത് ഗര്‍ഭസ്ഥ ശിശുക്കള്‍, ദരിദ്രര്‍, അപരിചിതര്‍, പ്രായമായവര്‍, ബലഹീനര്‍, കുടിയേറ്റക്കാര്‍ തുടങ്ങി സഭയുടെ സേവന സഹായങ്ങള്‍ സ്വീകരിക്കുന്ന അനേകരെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'നിയമപരമായ പദവി നല്‍കിയ ശേഷം നമ്മുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയും സര്‍ക്കാര്‍ യുഎസ് സിസിബിയുടെ സംരക്ഷണത്തിനായി നിയോഗിക്കുകയും ചെയ്ത ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ പരിപാലിക്കുന്നതിനുള്ള പ്രവര്‍ത്തനം നിലനിര്‍ത്താന്‍ കോണ്‍ഫറന്‍സിന് പെട്ടെന്ന് കഴിയാത്ത സാഹചര്യമുണ്ടെന്ന് ബ്രോഗ്ലിയോ പറഞ്ഞു.

പരിപാടി തുടരാനാണ് കോണ്‍ഫറന്‍സ്  ശ്രമിക്കുന്നത്. പക്ഷേ അത് 'സാമ്പത്തികമായി സ്ഥിരസംവിധാനമാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു, യുഎസ് സര്‍ക്കാരിനെ അതിന്റെ 'ധാര്‍മ്മികവും നിയമപരവുമായ പ്രതിബദ്ധതകളില്‍' നിലനിര്‍ത്താനാണ് നിയമ നടപടിയിലൂടെ സഭ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്നതും വിശ്വാസത്തില്‍ അധിഷ്ഠിതവുമായ 10 ദേശീയ ഏജന്‍സികളില്‍ ഒന്നാണ് ഈ കോണ്‍ഫറന്‍സ്. ജനുവരി 24-ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കത്ത് ലഭിച്ചതിനുശേഷം വിദേശ സഹായ പദ്ധതികളുടെ അവലോകനം വരെ ധനസഹായം ഉടനടി നിര്‍ത്തിവയ്ക്കുമെന്ന് അറിയിപ്പ് സംഘടനയെ പ്രതിസന്ധിയിലാക്കി.

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയ്ക്കുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍, പുനരധിവാസ പദ്ധതി വിദേശ സഹായം പോലുമല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. വിദേശത്ത് പരിശോധനയ്ക്ക് ശേഷം നിയമപരമായി എത്തുന്ന പുതുതായി വന്ന അഭയാര്‍ത്ഥികളെ - ഭവന, ജോലി നിയമനം പോലുള്ള പ്രാരംഭ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിനുള്ള ഒരു ആഭ്യന്തര പരിപാടിയാണിത്.

'ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് ഫണ്ടില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ അഭയാര്‍ത്ഥി പുനരധിവാസത്തിനായി യുഎസ് സിസിബി ഓരോ വര്‍ഷവും ചെലവഴിക്കുന്നുണ്ട്. എന്നാല്‍  സ്വകാര്യ-പൊതു പങ്കാളിത്തത്തിന്റെ അടിത്തറ നല്‍കുന്ന ദശലക്ഷക്കണക്കിന് ഫെഡറല്‍ ഫണ്ടിംഗ് ഇല്ലാതെ അതിന് അതിന്റെ പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

സ്റ്റേറ്റ്, ഹെല്‍ത്ത്, ഹ്യൂമന്‍ സര്‍വീസസ് വകുപ്പുകളെയും അവയുടെ സെക്രട്ടറിമാരായ മാര്‍ക്കോ റൂബിയോ, റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ എന്നിവരെയും കേസ് പരാമര്‍ശിക്കുന്നു. ബിഷപ്പ്‌സ് കോണ്‍ഫറന്‍സിനെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുന്നതില്‍ പങ്കുള്ള രണ്ട് വകുപ്പുകളെക്കുറിച്ചും കേസ് പരാമര്‍ശമുണ്ട്.

ആ വകുപ്പുകളില്‍ നിന്ന് കോടതിയില്‍ ഉടനടി വിശദീകരണം ലഭിച്ചിട്ടില്ല. തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ സംബന്ധിച്ച് വകുപ്പ് അഭിപ്രായം പറയുന്നില്ലെന്ന് എച്ച്എച്ച്എസ് വക്താവ് പറഞ്ഞു.

ജനുവരി 24 ന് മുമ്പുള്ള ചെലവുകള്‍ക്കായി ഏകദേശം 13 മില്യണ്‍ ഡോളര്‍ റീഇംബേഴ്സ്മെന്റിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് യുഎസ് സിസിബി പറഞ്ഞു.

ജനുവരി 25 വരെ, യുഎസ് സിസിബിയുടെ പരിചരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച 6,758 അഭയാര്‍ത്ഥികള്‍ 90 ദിവസത്തില്‍ താഴെ രാജ്യത്ത് താമസിച്ചിരുന്നുവെന്നും, അവര്‍ക്ക് പുനരധിവാസ സഹായത്തിന് അര്‍ഹതയുണ്ടെന്നും സംഘടന പറഞ്ഞു.

പുനരധിവാസ ശ്രമം താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ അഭയാര്‍ത്ഥികള്‍ക്ക് തൊഴില്‍ കണ്ടെത്താനും സ്വയംപര്യാപ്തത നേടാനും വീണ്ടും കാലതാമസമുണ്ടാക്കുമെന്ന് കോണ്‍ഫറന്‍സ് പറഞ്ഞു.

അഭയാര്‍ത്ഥി പ്രവേശനം കുത്തനെ വെട്ടിക്കുറച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ വീണ്ടും അധികാരമേറ്റപ്പോളാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ധനസഹായ പദ്ധതി നിര്‍ത്തിവച്ചത്. അഭയാര്‍ത്ഥി പുനരധിവാസത്തെയും കുടിയേറ്റത്തിന്റെ മറ്റ് വഴികളെയും അദ്ദേഹവും അദ്ദേഹത്തിന്റെ വിശ്വസ്തരും വിമര്‍ശിക്കുകയും ചെയ്തു.

 ദശലക്ഷക്കണക്കിന് ഫെഡറല്‍ ഫണ്ടിംഗ് നേടുന്നതിനായി ബിഷപ്പ് കോണ്‍ഫറന്‍സ് 'അനധികൃത കുടിയേറ്റക്കാരെ' പുനരധിവസിപ്പിക്കുന്നുവെന്ന് കത്തോലിക്കാ മതപരിവര്‍ത്തനം നടത്തിയ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അടുത്തിടെ ആരോപിച്ചിരുന്നു. നിയമപരമായി അംഗീകരിക്കപ്പെട്ട അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള വ്യക്തമായ പരാമര്‍ശമാണിത്. ഫെഡറല്‍ റീഇംബേഴ്സ്മെന്റുകള്‍ പ്രോഗ്രാമിന്റെ മുഴുവന്‍ ചെലവും വഹിക്കുന്നില്ലെന്നും 2023 ല്‍ കോണ്‍ഫറന്‍സ് ലഭിച്ചതിനേക്കാള്‍ 4 മില്യണ്‍ ഡോളര്‍ കൂടുതല്‍ നല്‍കിയെന്നും, അതേസമയം കൂടുതല്‍ ദാതാക്കള്‍ പ്രാദേശിക കത്തോലിക്കാ ചാരിറ്റീസിന്റെയും മറ്റ് സ്വീകര്‍ത്താക്കളുടെയും പുനരധിവാസ ശ്രമങ്ങളെ പിന്തുണച്ചതായും കേസില്‍ ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി.

വാന്‍സിന്റെ വിമര്‍ശനങ്ങള്‍ക്ക് യുഎസ് ബിഷപ്പുമാരില്‍ നിന്ന് മാത്രമല്ല, ആവശ്യമുള്ളവരെ സഹായിക്കാന്‍ ക്രിസ്ത്യന്‍ ചാരിറ്റബിളിന് ആവശ്യമുണ്ടെന്ന് പറഞ്ഞ ഫ്രാന്‍സിസ് മാര്‍പ്പാപ്പയില്‍ നിന്ന് വരെ പരോക്ഷമായ ശാസന ലഭിച്ചിരുന്നു.