നിലവിലുള്ള 55 മില്യൺ യുഎസ് വിസകളും പുനരവലോകനം ചെയ്യാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

നിലവിലുള്ള 55 മില്യൺ യുഎസ് വിസകളും പുനരവലോകനം ചെയ്യാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്


വാഷിംഗ്ടൺ: അമേരിക്കയിൽ താമസിക്കാൻ അനുവാദം ലഭിച്ച വിദേശികളുടെ കാര്യത്തിൽ കർക്കശ നിലപാട്നേ സ്വീകരിക്കാൻ ട്രംപ് ഭരണകൂടം. രാജ്യത്ത് നിലവിൽ പ്രാബല്യത്തിലുള്ള 55 ദശലക്ഷത്തിലധികം അമേരിക്കൻ വിസകൾ സൂക്ഷ്മമായ അപഗ്രഥനത്തിന്  വിധേയമാക്കാനും ബന്ധപ്പെട്ട വ്യക്തികൾ വിസ വ്യവസ്ഥകളിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് നീക്കം.

അസോസിയേറ്റഡ് പ്രസ്സിന് എഴുതി നൽകിയ ഒരു മറുപടിയിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്  ഈ തീരുമാനം വ്യക്തമാക്കിയിട്ടുള്ളത്. ഈ തീരുമാനപ്രകാരം ടൂറിസ്റ്റ് വിസയുള്ളവർ ഉൾപ്പെടെയുള്ള എല്ലാ വിസ ഉടമകളും "തുടർച്ചയായ പരിശോധനയ്ക്ക്" വിധേയരാകും. അമേരിക്കയിൽ പ്രവേശിക്കാനോ താമസിക്കാനോ അനർഹരാണെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും വിവരങ്ങൾ ലഭിക്കുന്ന പക്ഷം അവരുടെ വിസ റദ്ദാക്കുകയും അമേരിക്കയിൽ താമസിക്കുന്നവരെ നീക്കംചെയ്യുകയും ചെയ്യും.

ഡോണൾഡ് ട്രംപ് പ്രസിഡന്റ് പദവിയേറ്റതിന് ശേഷം കുറ്റവാളികളായ കുടിയേറ്റക്കാരെയും വിദ്യാർത്ഥി-സന്ദർശക വിസ ഉടമകളെയും നീക്കംചെയ്യുന്നതിൽ ഊന്നൽ നൽകിയിരുന്നു. സമയം എടുക്കുന്ന ഈ പുതിയ തുടർച്ചയായ പരിശോധനാ പ്രക്രിയ വ്യാപകമാണെന്നും, അമേരിക്കയിൽ താമസിക്കാൻ അനുവാദം ലഭിച്ചവർക്ക് പെട്ടെന്ന് അനുമതി റദ്ദാക്കപ്പെടാനിടയുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 12.8 ദശലക്ഷം ഗ്രീൻ കാർഡ് ഉടമകളും 3.6 ദശലക്ഷം താൽക്കാലിക വിസ ഉടമകളും അമേരിക്കയിൽ ഉണ്ടായിരുന്നു. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂലിയ ജെലാറ്റ് പറയുന്നതനുസരിച്ച്, 55 ദശലക്ഷം എന്ന സംഖ്യ അമേരിക്കയിൽ നിന്ന് പുറത്തുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ഉടമകളെയും ഉൾക്കൊള്ളുന്നുണ്ടാവാം. 

വിസയിൽ അനുവദിച്ചിരിക്കുന്ന കാലാവധിക്കു മുകളിൽ താമസിക്കൽ, കുറ്റകൃത്യം, പൊതുസുരക്ഷയ്ക്ക് ഭീഷണി, ഭീകരപ്രവർത്തനം അല്ലെങ്കിൽ ഭീകരസംഘടനകൾക്ക് പിന്തുണ നൽകൽ തുടങ്ങിയ അനർഹതയുടെ സൂചകങ്ങളാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിരയുന്നത്. "വിസ നൽകിയ ശേഷം ലഭ്യമാകുന്ന നിയമപാലനം, കുടിയേറ്റ റെക്കോഡുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ലഭ്യമായ വിവരങ്ങളും ഞങ്ങൾ പരിശോധിക്കുകയാണ്," ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ട്രക്ക് ഡ്രൈവർമാർക്ക് ഇനി വർക്കർ വിസയില്ല 

വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് വർക്കർ വിസ നൽകുന്നത് നിർത്തലാക്കുമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ എക്സിൽ വ്യക്തമാക്കി. ഈ മാറ്റം ഉടൻ നടപ്പാവുമെന്നും അദ്ദേഹം പറഞ്ഞു. "അമേരിക്കൻ റോഡുകളിൽ വലിയ ട്രാക്ടർ-ട്രെയിലറുകൾ ഓടിക്കുന്ന വിദേശ ഡ്രൈവർമാരുടെ എണ്ണം വർദ്ധിക്കുന്നത് അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുകയും അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ഉപജീവനമാർഗങ്ങൾക്ക് ഭീഷണി ഉയർത്തുകയുമാണ്," റൂബിയോ എഴുതി.

ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും കഴിയണമെന്ന ആവശ്യകത നടപ്പിലാക്കുന്നതിന് ട്രംപ് ഭരണകൂടം കഴിഞ്ഞ മാസങ്ങളിൽ നടപടികൾ എടുത്തിരുന്നു. ട്രാഫിക് മരണങ്ങളിൽ ഡ്രൈവർമാരുടെ ഇംഗ്ലീഷ് അറിവ് കാരണമായിരിക്കാം എന്ന കണ്ടെത്തലിനെ തുടർന്നാണ് റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഈ നടപടി സ്വീൿരിക്കുന്നതെന്ന് ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരുന്നു.