ധാക്ക: ബംഗ്ലാദേശില്‍ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. രാത്രി എട്ടിനായിരിക്കും സത്യപ്രതിജ്ഞയെന്ന് സൈനിക മേധാവി ജനറല്‍ വാഖിറുസ്സമാന്‍ പറഞ്ഞു. ഉപദേശക കൗണ്‍സിലില്‍ 15 അംഗങ്ങളുണ്ടാകും. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്.
രണ്ടാം വിജയദിനം സാധ്യമാക്കിയ ധീര വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നതായി മുഹമ്മദ് യൂനുസ് പാരിസില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നു. വിജയത്തിന്റെ ശോഭകെടുത്തുന്ന തെറ്റുകള്‍ സംഭവിക്കാതിരിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം സമാധാനം പാലിക്കാനും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്തു.
സര്‍ക്കാറിലുള്ള വിശ്വാസം വീണ്ടെടുക്കുകയെന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇടക്കാല സര്‍ക്കാറിന്റെ കാലാവധിക്കുശേഷം അധികാരത്തില്‍ തുടരാനോ ആഗ്രഹിക്കുന്നില്ല. പുതിയ തെരഞ്ഞെടുപ്പിനും നേതൃത്വത്തിനുമുള്ള കര്‍മപദ്ധതി തയാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാരിസിലെ ചികിത്സക്കുശേഷം മുഹമ്മദ് യൂനുസ് വ്യാഴാഴ്ച വൈകീട്ട് ബംഗ്ലാദേശില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പ്രത്യേക പങ്കാളിത്തമുണ്ടാകുമെന്നറിയുന്നു.
ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും