വീണ്ടും പാക്ക് ഭീഷണി : ജലവിതരണം നിര്‍ത്തിയാല്‍ ഇന്ത്യക്കെതിരെ 'നിര്‍ണായക പ്രതികരണം' ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

വീണ്ടും പാക്ക് ഭീഷണി : ജലവിതരണം നിര്‍ത്തിയാല്‍ ഇന്ത്യക്കെതിരെ 'നിര്‍ണായക പ്രതികരണം' ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്


കറാച്ചി: ഇന്ത്യക്കെതിരെ ഭീഷണി ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍ നേതൃത്വം. സിന്ധു നദീജല കരാര്‍ ലംഘിച്ച് പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ  നിര്‍ത്തിയാല്‍ 'നിര്‍ണായക പ്രതികരണം' ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഏറ്റവുമൊടുവില്‍ ഭീഷണി മുഴക്കിയത്. പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും സമാന ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന.

ശത്രുവിനു പാക്കിസ്ഥാനില്‍നിന്നു ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യ ഞങ്ങളുടെ ജലം തടയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയൊരു നീക്കം നടത്താന്‍ ശ്രമിച്ചാല്‍, പാക്കിസ്ഥാന്‍ ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നും ഷഹബാസ് പറഞ്ഞതായി 'എഎന്‍ഐ' റിപ്പോര്‍ട്ട് ചെയ്തു.

വെള്ളം പാക്കിസ്ഥാന്റെ 'ജീവനാഡി' ആണെന്ന് ഷഹബാസ് വിശേഷിപ്പിച്ചു. രാജ്യാന്തര ഉടമ്പടികള്‍ പ്രകാരമുള്ള രാജ്യത്തിന്റെ അവകാശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. 26 പേര്‍ കൊല്ലപ്പെട്ട ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാര്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഭീഷണിയുമായി പാക്ക് നേതാക്കള്‍ രംഗത്തെത്തിയത്.

പാക്കിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്നും തങ്ങളെ തകര്‍ത്താല്‍ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസില്‍ പാക്ക് വംശജരുടെ യോഗത്തില്‍ സൈനിക മേധാവി അസിം മുനീര്‍ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണകെട്ടിയാല്‍ അതു പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കും, തുടര്‍ന്ന് മിസൈല്‍ അയച്ച് അതു തകര്‍ക്കുമെന്നും മുനീര്‍ വ്യക്തമാക്കിയിരുന്നു. യുദ്ധമുണ്ടായാല്‍ 6 നദികളുടെ അധികാരം പാക്കിസ്ഥാന്‍ പിടിച്ചെടുക്കുമെന്നാണ് ബിലാവല്‍ പറഞ്ഞത്.

1960ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാര്‍ അനുസരിച്ച് കിഴക്കു ഭാഗത്തെ രവി, ബിയാസ്, സത്!ലജ് നദികളിലെ ജലം പരമാവധി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാക്കിസ്ഥാനും ഉപയോഗിക്കാം. 65 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് പുനഃപരിശോധന വേണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.