വാഷിംഗ്ടണ്‍: അമേരിക്ക നല്‍കി വന്നിരുന്ന വിദേശ സഹായങ്ങളെല്ലാം പെട്ടെന്നൊരു ദിവസം നിര്‍ത്തി വച്ച പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി ദക്ഷിണ പസഫികിലെ പല നിര്‍ണായക പദ്ധതികളെയും സാരമായി ബാധിക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകരും നിരീക്ഷകരും വിലയിരുത്തുന്നു. പലരുടെയും ജീവന് പോലും ഇത് ഭീഷണിയാകും. ദുരന്ത മുഖമായ, ഒറ്റപ്പെട്ട, സമുദ്ര ജലനിരപ്പ് ഉയരുന്ന ഉഷ്ണമേഖല പസഫിക് ദ്വീപ രാഷ്ട്രങ്ങളാണ് അമേരിക്കയുടെ സഹായം കൂടുതലും കൈപ്പറ്റിയിരുന്നത്. ഇവര്‍ക്ക് അമേരിക്കയുെട തീരുമാനം കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുക.
അമേരിക്ക, ഓസ്ട്രേലിയ മറ്റ് സഖ്യകക്ഷികള്‍ തുടങ്ങിയവയുമായി ചൈന ഈ മേഖലയിലെ നയതന്ത്ര, സാമ്പത്തിക, സൈനിക മേല്‍ക്കോയ്മയ്ക്കുള്ള കടുത്ത പോരാട്ടത്തിലാണ്. ഉഷ്ണമേഖല രാജ്യങ്ങളിലെ ജീവന്‍ രക്ഷാ ഔഷധങ്ങള്‍ വാങ്ങുന്നതിനും അനധികൃത മീന്‍പിടിത്തം തടയുന്നതിനും മികച്ച കടല്‍തീര സംരക്ഷണങ്ങള്‍ക്കും, ഭൂകമ്പങ്ങളോടും കൊടുങ്കാറ്റുകളോടും പോരാടാനും എല്ലാം ഉള്ള സഹായമാണ് ഒറ്റയടിക്ക് നിലച്ചിരിക്കുന്നത്.
4200 കോടി ഡോളറിന്റെ അമേരിക്കന്‍ സഹായമാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ പദ്ധതികള്‍ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നവരാണ്. ഇനി ആളുകള്‍ക്ക് തങ്ങളിലുള്ള വിശ്വാസം ഇല്ലാതാകുമെന്നും സോളമന്‍ ദ്വീപിലെ കടല്‍ജൈവ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഹെയ്ര്‍ വവോസോ പറഞ്ഞു.
500,000 ഡോളര്‍ സഹായം നിര്‍ത്തലാക്കിയതോടെ പോസിറ്റീവ് ചെയ്ഞ്ച് ഫോര്‍ മറൈന്‍ ലൈഫ് എന്ന സംഘടനയുടെ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ടു. ഇപ്പോള്‍ തന്നെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെയെല്ലാം ഇത് ബാധിച്ച് കഴിഞ്ഞു. ഇപ്പോള്‍ തന്നെ തങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും പ്രോഗ്രാമിന്റെ കമ്യൂണിറ്റി കോ ഓര്‍ഡിനേറ്റര്‍ ലൂസി ജെപ്സണ്‍ പറഞ്ഞു. തങ്ങള്‍ അവിടുന്നും ഇവിടുന്നുമെല്ലാം പൈസ ഒപ്പിച്ചാണ് മുന്നോട്ട് പോകുന്നത്.
2008 മുതല്‍ 2022 വരെ അമേരിക്ക പസഫിക് ദ്വീപുകള്‍ക്ക് 210 കോടി ഡോളറാണ് പസഫിക് ദ്വീപ രാഷ്ട്രങ്ങള്‍ക്ക് നല്‍കിയതെന്ന ഓസ്ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പറയുന്നു. എച്ച്‌ഐവി, മയക്കു മരുന്ന് പ്രതിരോധം, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ നേരിടാനും അമേരിക്ക സഹായങ്ങള്‍ നല്‍കിയതായി ഓസ്ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാലയിലെ പസഫിക് നിരീക്ഷകനായ ഗ്രെയ്മി സ്മിത് പറയുന്നു.
പദ്ധതികള്‍ നിര്‍ത്തി വയ്ക്കുന്നതോടെ ജനങ്ങള്‍ക്ക് മരണത്തിന് കീഴടങ്ങുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം എഎഫ്പിയോട് പറഞ്ഞു. അമേരിക്ക മേഖലയിലേക്കുള്ള സഹായം നിര്‍ത്തുന്നതോടെ ചൈന സഹായവുമായി അവതരിക്കും. വന്‍കിട അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി മുതല്‍മുടക്കാന്‍ ചൈന തയാറാണ്. മറ്റ് അമേരിക്കന്‍ പദ്ധതികളില്‍ പക്ഷേ ഇവര്‍ മുതല്‍മുടക്കാന്‍ സാധ്യത കുറവാണെന്നും സ്മിത് ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ തന്നെ ചൈന നല്‍കുന്ന സഹായങ്ങളെക്കാള്‍ വളരെ കുറവാണ് അമേരിക്കയുടേത്. ഓസ്ട്രേലിയ കഴിഞ്ഞാല്‍ പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രണ്ടാമത്തെ രാജ്യം ചൈനയാണ്. ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം ചൈന നല്‍കുന്നത് 2560 ലക്ഷം ഡോളറിന്റെ സഹായമാണ്. മൂന്ന് കൊല്ലം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 14ശതമാനം വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. അതേസമയം അമേരിക്ക കേവലം 2490ലക്ഷം ഡോളറാണ് ചെലവിടുന്നത്.
പപ്പുവ ന്യൂഗിനിയ പരിസ്ഥിതി സംരക്ഷകന്‍ പീറ്റര്‍ ബോസിപ് അമേരിക്കന്‍ സഹായത്തിന്റെ ചെറു തുക ഗ്രാമീണ സമൂഹത്തിന് വേണ്ടി ചെലവിടുന്നു. ഇവര്‍ക്ക് അമേരിക്ക സഹായം നിര്‍ത്തി വച്ചത് വലിയ തിരിച്ചടിയാകും. 90 ദിവസത്തേക്കാണ് സഹായം നിര്‍ത്തിയതെന്ന് അമേരിക്ക പറയുന്നുണ്ടെങ്കിലും ഇത് പുനഃസ്ഥാപിക്കാന്‍ സാധ്യതയില്ലെന്നും ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ദ്ധന്‍ അലക്സാണ്ടര്‍ ദയാന്ത് പറയുന്നു. അമേരിക്കന്‍ വിശ്വാസ്യതയ്ക്ക് മേല്‍ പ്രദേശത്ത് ഉണ്ടായിരിക്കുന്ന ഇടിവ് സ്ഥിരമായിരിക്കുമെന്നും അദ്ദേഹം എഎഫ്പിയോട് പറഞ്ഞു.
അമേരിക്ക വിടുന്ന ഇടം നികത്താന്‍ കാന്‍ബെറയ്ക്ക് മേല്‍ കനത്ത സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ഇത് അത്ര നേര്‍വഴിയില്‍ അല്ല. തങ്ങളുടെ സഹായ ബജറ്റ് കുറവുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചൈന കോടിക്കണക്കിന് ഡോളര്‍ പസഫിക് മേഖലയ്ക്ക് നല്‍കുന്നുണ്ട്. ആശുപത്രികള്‍, കായിക സ്റ്റേഡിയങ്ങള്‍, റോഡുകള്‍ മറ്റ് പൊതുമരാമത്ത് പണികള്‍ എന്നിവയ്ക്കായാണ് ഇത്.
ഇത് ലാഭവിഹിതം പങ്കിടലാണ്. സോളമന്‍ ദ്വീപുകള്‍, കിരിബാത്തി, നൗറു തുടങ്ങിയവയ്ക്ക് അടുത്തിടെയായി തായ്വാനുമായി നയതന്ത്ര ബന്ധമുണ്ട്. അടുത്തിടെ ഇവര്‍ ചൈനയോടും അനുഭാവം പുലര്‍ത്തുന്നു. സോളമന്‍ ദ്വീപുകള്‍ 2022ല്‍ ചൈനയുമായി ഒരു രഹസ്യ സുരക്ഷ ഉടമ്പടിയില്‍ ഒപ്പ് വച്ചിരുന്നു. ഇതോടെ മേഖലയില്‍ ചൈന കൂടുതല്‍ സ്ഥിരമായ സൈനികത്താവളം നിര്‍മ്മിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
തങ്ങളുടെ പസഫിക് അയല്‍ക്കാരുമായി ഒരു പങ്കാളിത്തത്തിന് ശ്രമിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയയുടെ വിദേശകാര്യമന്ത്രി പെന്നി വോങ് പറഞ്ഞു. ഇത് നമ്മുടെ മേഖലയുടെ മൗലിക അഭിവൃദ്ധിക്കും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണെന്നും അവര്‍ എഎഫ്പിയോട് പറഞ്ഞു. തങ്ങളുടെ അയല്‍രാജ്യങ്ങളെക്കൂടി കരുത്തരാക്കി പസഫിക് മേഖലയില്‍ വികസനവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും അവര്‍ വ്യക്തമാക്കി.
യുഎസ് സഹായം നിര്‍ത്തലാക്കിയത് ദക്ഷിണ പസഫികിലെ പല നിര്‍ണായക പദ്ധതികളെയും സാരമായി ബാധിക്കും
