ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍


കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. 'സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത്' കുറ്റമാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയത്. 

2023 സെപ്റ്റംബറില്‍ ലണ്ടനില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വിക്രമസിംഗെയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്.

മുന്‍ പ്രസിഡിന്റിനെ കൊളംബോ ഫോര്‍ട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതായി മുതിര്‍ന്ന ഡിറ്റക്ടീവ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി രാജ്യത്തെ വിഭവങ്ങള്‍ ഉപയോഗിച്ചതിന് വിക്രമസിംഗെക്കെതിരെ കുറ്റം ചുമത്തുമെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ജി 77 ഉച്ചകോടി നടന്ന ഹവാനയില്‍ നിന്ന് മടങ്ങുമ്പോള്‍ വിക്രമസിംഗെ ലണ്ടനില്‍ ഇറങ്ങുകയും അദ്ദേഹവും ഭാര്യ മൈത്രിയും വോള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാലയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. 

2023ലെ യാത്രയുടെ ചെലവുകള്‍ തന്റെ ഭാര്യയാണ് നല്‍കിയതെന്നും അവര്‍ അതിനായി പൊതു പണം ഉപയോഗിച്ചിട്ടില്ലെന്നും മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് വാദിക്കുന്നുണ്ട്. എങ്കിലും തന്റെ അംഗരക്ഷകരുടെ ചെലവുകള്‍ വഹിക്കുന്നതുള്‍പ്പെടെ വിക്രമസിംഗെ സര്‍ക്കാര്‍ ഫണ്ട് യാത്രയ്ക്കായി ഉപയോഗിച്ചുവെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി ഐ ഡി) ആരോപിച്ചു.