പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്


പാരിസ്:  ഫ്രാന്‍സ് പലസ്തീനിനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. ഇതോടെ പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന ഏഴ് പ്രധാന വ്യാവസായിക രാഷ്ട്രങ്ങളുടെ ഗ്രൂപ്പില്‍ ആദ്യത്തേതായി ഫ്രാന്‍സ് മാറി.

എക്‌സിലൂടെ പുറത്തുവിട്ട ഒരു അപ്രതീക്ഷിത പ്രസ്താവനയില്‍, സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ താന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് മാക്രോണ്‍ പറഞ്ഞു. 

അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വന്തം നിലയില്‍ ശ്രമിക്കുന്നതിനിടയില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ നീക്കം അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. മിക്ക രാജ്യങ്ങളും പലസ്തീനിനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നുണ്ടെങ്കിലും, യുഎസും അവരുടെ മിക്ക അടുത്ത സഖ്യകക്ഷികളും അംഗീകരിക്കുന്നില്ല.

'ഇന്ന് ഏറ്റവും അടിയന്തിര കാര്യം ഗാസയിലെ യുദ്ധം അവസാനിക്കുകയും സാധാരണ ജനങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണെന്ന് മാക്രോണ്‍ പറഞ്ഞു.

21 മാസത്തെ വിനാശകരമായ യുദ്ധത്തിനുശേഷം, ഗാസയില്‍ ലഭ്യമായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ഏറ്റവും ദുര്‍ബലരായവരെയും  ചെറുപ്പക്കാര്‍, വൃദ്ധര്‍, രോഗികള്‍ എന്നിവരെയുമെല്ലാം  വളരെയധികം ബാധിക്കുന്നു. ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ 'തുടര്‍ച്ചയായി ദിവസങ്ങളോളം പട്ടിണിയിലാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഈ ആഴ്ച പറഞ്ഞിരുന്നു.

ഭക്ഷണ വാഹനവ്യൂഹങ്ങള്‍ക്കും സഹായ വിതരണ കേന്ദ്രങ്ങള്‍ക്കും സമീപമുള്ള നിരാശരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ നടത്തുന്ന വെടിവയ്പ്പിലും, വ്യോമാക്രമണങ്ങളിലും പരിക്കേറ്റവരെ നേരിടാന്‍ ഗാസയിലെ ആശുപത്രികള്‍ പാടുപെടുകയാണ്. ഇപ്പോള്‍, വിശപ്പുമൂലവും രോഗികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം സമീപ ദിവസങ്ങളില്‍ കുത്തനെ വര്‍ദ്ധിച്ചുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അതിനിടയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് യുഎസും ഇസ്രായേലും പിന്മാറി. ബന്ദികളെ മോചിപ്പിച്ച് തിരികെ കൊണ്ടുവരുന്നതിന് 'ബദല്‍ ഓപ്ഷനുകള്‍' പരിശോധിക്കുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി പറഞ്ഞെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.

ഗാസയിലെ വിശപ്പ് ശമിപ്പിക്കാന്‍ ഇസ്രായേലിന് കടമയില്ലെന്നും ഗാസയിലെ ജനങ്ങളെ പുറത്താക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ മന്ത്രിയായ അമിച്ചായ് എലിയാഹു ഇന്നലെ പറഞ്ഞു.