ഇന്ത്യ- യു കെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു

ഇന്ത്യ- യു കെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു


ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂടിക്കാഴ്ച നടത്തി. ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതോടെ ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 34 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മഞ്ഞള്‍, കുരുമുളക്, ഏലം തുടങ്ങിയ ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മാമ്പഴ പള്‍പ്പ്, അച്ചാറുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ സംസ്‌കരിച്ച ഉത്പന്നങ്ങള്‍ക്കും പുതിയ കരാറിന് കീഴില്‍ നികുതി രഹിത പ്രവേശനമാണ് യു കെയില്‍ ലഭിക്കുക. ഇത് കര്‍ഷകരുടെ വിപണി വ്യാപ്തി വര്‍ധിപ്പിക്കുകയും മെച്ചം ലഭ്യമാക്കുകയും ചെയ്യും. 

യു കെയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളും നികുതി രഹിതമായാണ് വിശാലമായ ഇന്ത്യന്‍ കമ്പോളത്തില്‍ പ്രവേശിക്കുക. അതോടൊപ്പം ബ്രിട്ടീഷ് ഇറക്കുമതിയില്‍ നിന്ന് സെന്‍സിറ്റീവ് കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നു. ആഭ്യന്തര കര്‍ഷകരെ ബാധിക്കാതിരിക്കാന്‍ പാല്‍ ഉത്പന്നങ്ങള്‍, ആപ്പിള്‍, ഓട്‌സ്, ഭക്ഷ്യ എണ്ണകള്‍ എന്നിവയില്‍ താരിഫ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയുടെ മത്സ്യബന്ധന മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.  ആന്ധ്രാപ്രദേശ്, ഒഡീഷ, കേരളം, തമിഴ്‌നാട് തുടങ്ങിയ തീരദേശ സംസ്ഥാനങ്ങള്‍ക്കായിരിക്കും ഇത് ഗുണം ചെയ്യുക. യു കെയില്‍ നിലവില്‍ 4.2 മുതല്‍ 8.5 ശതമാനം വരെ തീരുവ ചുമത്തുന്ന ചെമ്മീന്‍, ട്യൂണ, മീന്‍ മീല്‍ തുടങ്ങിയ മത്സ്യങ്ങള്‍ക്കെല്ലാം നികുതിയില്ലാതെ യു കെയിലേക്ക് കയറ്റുമതി ചെയ്യാനാവും. 

തുകല്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ തൊഴില്‍ ക്ഷമത കൂടിയ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതും പുതിയ കരാറോടെ എളുപ്പമാകും. യു കെയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിസ്‌കി, കാര്‍ തുടങ്ങിയവയുടെ വില കുറയുന്നതോടൊപ്പം മെഡിക്കല്‍ ഉപകരണങ്ങള്‍ പോലുള്ള മറ്റ് ഇറക്കുമതി വസ്തുക്കള്‍ക്കും ഇന്ത്യയില്‍ വിലക്കുറവിനുള്ള വഴി തുറക്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബ്രിട്ടീഷ് മന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെയും സാന്നിധ്യത്തില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വ്യാപാര മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്സുമാണ് കരാറില്‍ ഒപ്പുവച്ചത്. 

ഇന്ത്യയും യു കെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനോടൊപ്പം വ്യാപാര മൂല്യത്തിന്റെ 100 ശതമാനം ഉള്‍ക്കൊള്ളുന്ന താരിഫ് ലൈനുകളുടെ 99 ശതമാനത്തിലും എഫ് ടി എ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറക്കുന്നതിനോടൊപ്പം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള കരാര്‍ ആഗോള സ്ഥിരതയ്ക്കും സമൃദ്ധിക്കും ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ഉത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, സമുദ്രവിഭവങ്ങള്‍, എഞ്ചിനീയറിംഗ് വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് കുറഞ്ഞ താരിഫുകളുടെയും യു കെയിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനത്തിന്റെയും നേട്ടമുണ്ടാകും.

ഇന്ത്യയുമായി എഫ് ടി എ ഒപ്പുവച്ചതോടെ ബ്രിട്ടന്‍ ബിസിനസിനായി തുറന്നിരിക്കുന്നു എന്ന ശക്തമായ സന്ദേശമാണ് തങ്ങള്‍ നല്‍കുന്നതെന്നും എയ്റോസ്പേസ്, സാങ്കേതികവിദ്യ, നൂതന ഉത്പാദന മേഖലകളിലെ എഞ്ചിനീയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, സപ്ലൈ ചെയിന്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പുതിയ ജോലികള്‍ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പറഞ്ഞു.