ഗാസയിലെ ഭക്ഷ്യപ്രതിസന്ധിക്ക് പരസ്പരം പഴിചാരി ഇസ്രായേലും യു എന്നും

ഗാസയിലെ ഭക്ഷ്യപ്രതിസന്ധിക്ക് പരസ്പരം പഴിചാരി ഇസ്രായേലും യു എന്നും


ഗാസ: ഗാസയിലെ ഭക്ഷ്യപ്രതിസന്ധിക്ക് ഇസ്രായേലും ഐക്യരാഷ്ട്രസഭയും പരസ്പരം കുറ്റപ്പെടുത്തുന്നു. ഇരുപക്ഷവും സഹായ വിതരണത്തില്‍ തങ്ങളുടെ പങ്കിനെ ന്യായീകരിക്കുകയും സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ക്ക് തങ്ങളല്ല മറ്റുള്ളവരാണ് യഥാര്‍ഥത്തില്‍ ഉത്തരവാദിയെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം എഴുതിയത് ഐഡിഎഫ് ഡസന്‍ കണക്കിന് അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരെ ഗാസയ്ക്കുള്ളിലെ കെരെം ഷാലോം ക്രോസിംഗിലേക്ക് ക്ഷണിച്ചുവെന്നും ഇസ്രായേലിന്റെ അനുമതിയോടെ നൂറുകണക്കിന് സഹായ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചതായും പക്ഷേ സാധനങ്ങള്‍ വിതരണം ചെയ്യാതെ വെറുതെ കിടക്കുകയാണെന്നുമാണ്. കാരണം സഹായം വിതരണം ചെയ്യാന്‍ യു എന്‍ വിസമ്മതിക്കുകയാണെന്നും വിശദമാക്കുന്നു. ഹമാസും യു എന്നും സഹായം ഗാസയിലെ സാധാരണക്കാര്‍ക്ക് എത്തുന്നത് തടയുന്നുവെന്ന സത്യം ലോകം അറിയേണ്ടതുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. 

ഇസ്രായേലിന്റെ അഭിപ്രായത്തില്‍, അതിര്‍ത്തിയിലെ ഗാസ ഭാഗത്തേക്ക് വലിയ അളവില്‍ സഹായം എത്തിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് യാതൊരു പ്രസക്തിയും ഇല്ല. കാരണം യു എന്‍ അവ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. ആവശ്യത്തിന് സാധനങ്ങള്‍ അനുവദിക്കുന്നുണ്ടെന്ന് രാജ്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ സംഭവങ്ങളെക്കുറിച്ചുള്ള ഇസ്രായേലിന്റെ പ്രസ്താവനകളെ യു എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് നേരത്തെ നിരസിച്ചിരുന്നു. ഇസ്രായേല്‍ തന്നെ സൃഷ്ടിക്കുന്ന പ്രധാന തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി. കെറെം ഷാലോം ക്രോസിംഗ് മക്‌ഡൊണാള്‍ഡിന്റെ ഡ്രൈവ്-ത്രൂ അല്ലെന്നാണ് ഡുജാറിക് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ക്രോസിംഗിനെ സമീപിക്കാന്‍ യു എന്‍ ജീവനക്കാര്‍ക്ക് ഇസ്രായേലി അധികൃതരില്‍ നിന്ന് നിരവധി അനുമതികള്‍ ആവശ്യമാണെന്നും നിലവിലുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍, പരിമിതമായ പ്രവേശനം, മന്ദഗതിയിലുള്ളതും സങ്കീര്‍ണ്ണവുമായ കൈമാറ്റ പ്രക്രിയ എന്നിവയാല്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നും അദ്ദേഹം വിശദീകരിച്ചു. 'വലിയ ഉദ്യോഗസ്ഥ തടസ്സങ്ങളുണ്ട്. വലിയ സുരക്ഷാ തടസ്സങ്ങളുണ്ട്, സത്യം പറഞ്ഞാല്‍, ഞങ്ങളുടെ ജോലി ചെയ്യാന്‍ ഞങ്ങളെ അനുവദിക്കാനുള്ള സന്നദ്ധതയുടെ അഭാവമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലേക്ക് സഹായം എത്തിക്കുന്നത് ലളിതമായ കാര്യമല്ല. കനത്ത സുരക്ഷയുള്ള ക്രോസിംഗുകളിലൂടെ ട്രക്കുകള്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞാലും ഇസ്രായേലി നിയന്ത്രണങ്ങള്‍ ആ സാധനങ്ങള്‍ പ്രദേശത്തിനുള്ളില്‍ കൂടുതല്‍ നീക്കുന്നത് മിക്കവാറും അസാധ്യമാക്കുന്നുവെന്ന് ഹ്യമാനിറ്റേറിയന്‍ സംഘടനകള്‍ പറയുന്നു. ഭക്ഷണത്തിനും മരുന്നിനും ഒരു കുറവുമില്ലെന്നും പ്രശ്‌നം വിതരണമാണെന്നും സഹായ സംഘടനകള്‍ വാദിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ സാധനങ്ങള്‍ നിറച്ച ട്രക്കുകള്‍ വെയര്‍ഹൗസുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ആയിരക്കണക്കിന് ഗാസ നിവാസികള്‍ കടുത്ത പട്ടിണി നേരിടുകയും ചെയ്യുന്നു. ഈ വര്‍ഷം ആദ്യം ഇസ്രായേല്‍ 11 ആഴ്ചത്തേക്ക് ഗാസയിലേക്ക് സഹായം നല്‍കുന്നത് തടഞ്ഞിരുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സഹായം കൈകാര്യം ചെയ്യുന്നതിനെതിരെ വര്‍ധിച്ചുവരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഇസ്രായേലും യു എസും ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി എച്ച് എഫ്) എന്ന പേരില്‍ ഒരു സംരംഭം ആരംഭിച്ചു. പരമ്പരാഗത യു എന്‍ ചാനലുകളെ മറികടന്ന് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നിന്നുള്ള സഹായം വിതരണം ചെയ്യാന്‍ സ്വകാര്യ സുരക്ഷാ കരാറുകാരെ ഉപയോഗിക്കുന്നതിനാണ് ഇത് രൂപീകരിച്ചത്.

ഈ രീതി ഹമാസിനെ സഹായം പിടിച്ചെടുക്കുന്നതില്‍ നിന്ന് തടയുന്നുവെന്ന് ഇസ്രായേലും യു എസും പറയുന്നു. എന്നാല്‍ മനുഷ്യാവകാശ ഗ്രൂപ്പുകളും സഹായ സംഘടനകളും പദ്ധതിയെ അപലപിച്ചു. വിതരണ സമയത്ത് ഇസ്രായേല്‍ സൈന്യം അക്രമം നടത്തിയെന്ന് ആരോപിച്ചു. ജി എച്ച് എഫ് പ്രോഗ്രാമിന് കീഴില്‍ ഭക്ഷണം ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരത്തിലധികം പാലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി യു എന്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഗാസയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം ഇപ്പോള്‍ പട്ടിണിയിലാണ്. ഉപരോധം നീണ്ടുനില്‍ക്കുകയും അടിസ്ഥാന സാമഗ്രികള്‍ ഏറ്റവും ആവശ്യമുള്ള ആളുകളിലേക്ക് എത്താതിരിക്കുകയും ചെയ്യുന്നതിനാല്‍ വിശപ്പും രോഗവും ശക്തമാകുന്നതിനെ കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.