മുഴുവൻ ബന്ദികളുടെയും മോചനത്തിന് ചർച്ചകൾ ആരംഭിക്കാൻ ഇസ്രായേൽ

മുഴുവൻ ബന്ദികളുടെയും മോചനത്തിന് ചർച്ചകൾ ആരംഭിക്കാൻ ഇസ്രായേൽ


ടെൽ അവീവ് ∙ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ശേഷിക്കുന്ന മുഴുവൻ തടവുകാരെയും മോചിപ്പിക്കുന്നതിനുമായി ചർച്ചകൾ ആരംഭിക്കാൻ താൻ ഉത്തരവിട്ടതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചു.

ഗാസാ നഗരത്തിനെതിരെ വൻതോതിലുള്ള സൈനിക ആക്രമണത്തിന് തന്റെ മന്ത്രിസഭ അംഗീകാരം നൽകിയതായും അദ്ദേഹം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര തലത്തിലും ഇസ്രയേലിന് അകത്തും ഉയർന്നുവരുന്ന എതിർപ്പുകൾക്കിടയിലാണ് സർക്കാർ തീരുമാനം.

അഞ്ചു ദിവസങ്ങൾക്ക് മുമ്പ് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ഹമാസ് 60 ദിവസത്തെ യുദ്ധവിരാമത്തിൽ പങ്കുചേരാനും അവർ തടവിലാക്കിയിട്ടുള്ളവരിൽ പകുതിപ്പേരെയും മോചിപ്പിക്കാനും സമ്മതിച്ചിരുന്നു. എന്നാൽ, അതിനോട് ആദ്യമായി പ്രതികരിച്ച നെതന്യാഹു ആ കരാർ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇസ്രായേലിന് സ്വീകാര്യമായ വ്യവസ്ഥകൾ ഉള്ള കരാർ മാത്രമേ തങ്ങൾ അംഗീകരിക്കൂ എന്ന് നെതന്യാഹു പറഞ്ഞു.

"എല്ലാ തടവുകാരെയും മോചിപ്പിക്കുന്നതിനായി ഉടൻ ചർച്ചകൾ ആരംഭിക്കാൻ ഞാൻ ഉത്തരവിട്ടിരിക്കുകയാണ്. അതോടൊപ്പം, ഗാസാ സിറ്റിയെ പിടിച്ചെടുക്കാനും ഹമാസിനെ തോൽപ്പിക്കാനുമായി ഐ.ഡി.എഫ്. (ഇസ്രയേൽ പ്രതിരോധ സേന) മുന്നോട്ട് വച്ചിട്ടുള്ള പദ്ധതികൾക്കും അംഗീകാരം നൽകിയിരിക്കുന്നു," എന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.

വെടിനിർത്തലിനെതിരെ ഇസ്രായേൽ 

ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ ഭാഗിക മോചനവുമായി ബന്ധപ്പെട്ട ഇടക്കാല വെടിനിർത്തൽ കരാറിനെതിരെ ഇസ്രയേലി അധികൃതർ കഴിഞ്ഞ ചില ദിവസങ്ങളായി ശക്തമായി പ്രതികരിക്കുകയായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, "യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഹമാസിന്റെ ആയുധ ശേഖരങ്ങളും ഗാസയിലെ സായുധസംഘടനകളുടെ പ്രവർത്തനങ്ങൾക്കും മേൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാവണം. കൂടാതെ, ഗാസയുടെ അതിർത്തിക ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരിക്കുകയും ഹമാസോ പാലസ്തീൻ അതോറിറ്റിയോ അല്ലാത്ത ഭരണ സംവിധാനം ഒരുക്കുകയും വേണം,”  പ്രസ്താവന പറഞ്ഞു. 

ഗാസയിലെ സാഹചര്യം

ഗാസയിലെ കിഴക്കൻ ഭാഗങ്ങളിൽ വ്യാഴാഴ്ച കടുത്ത വ്യോമാക്രമണം നടന്നതായി പാലസ്തീനുകാർ അറിയിച്ചു. നഗര പ്രവേശനത്തിന് മുന്നോടിയായി ജനങ്ങളെ തെക്കോട്ട് ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് ആരോഗ്യ ഉദ്യോഗസ്ഥർക്കും അന്താരാഷ്ട്ര സംഘടനകൾക്കും ഇസ്രയേൽ നൽകിയിട്ടുണ്ട്.

എന്നാൽ, ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ഹെൽത്ത് മന്ത്രാലയം "ആരോഗ്യ സംവിധാനത്തിന്റെ ശേഷിക്കുന്ന ഭാഗം തകര്ക്കുന്ന നടപടികളെയൊന്നും അംഗീകരിക്കാനാകില്ല" എന്ന് പ്രതികരിച്ചു. ഒഴിയാൻ കഴിയാതെ പോകുന്നവർക്കായി പ്രവർത്തനം തുടരുമെന്നു യു.എന്നും സഹായ സംഘടനകളും അറിയിച്ചു.