പുടിനെ ആലിംഗനം ചെയ്ത് മോഡി; റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ എന്തുപങ്കും വഹിക്കുമെന്ന് മോഡി

പുടിനെ ആലിംഗനം ചെയ്ത് മോഡി; റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ എന്തുപങ്കും വഹിക്കുമെന്ന് മോഡി


കസാന്‍: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെ കസാനില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. 

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ വിവര്‍ത്തനം ആവശ്യമില്ലെന്ന് പ്രസിഡന്റ് പുടിന്‍ ഊന്നിപ്പറഞ്ഞു. കസാന്‍ സന്ദര്‍ശിച്ചതിനും ബ്രിക്സില്‍ പങ്കെടുത്തതിനും പ്രധാനമന്ത്രി മോഡിക്ക് നന്ദി പറയുകയും ജൂലൈയില്‍  മോഡിയുമായി നടത്തിയ കൂടിക്കാഴ്ച അനുസ്മരിക്കുകയും ചെയ്തു.

ജൂലൈയില്‍ കണ്ടുമുട്ടിയപ്പോള്‍ നിരവധി വിഷയങ്ങളില്‍ വളരെ നല്ല ചര്‍ച്ചകള്‍ നടത്തിയതായി ഓര്‍ക്കുന്നതായും ഒരുപാട് തവണ ടെലിഫോണില്‍ സംസാരിച്ചുവെന്നും കസാനിലേക്കുള്ള ക്ഷണം സ്വീകരിച്ചതിന് നന്ദിയുള്ളവനാണെന്നും പുടിന്‍ പറഞ്ഞു. 

ഇന്ത്യയുമായുള്ള പദ്ധതികള്‍ നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളുടെയും സഹകരണം ഇന്ത്യന്‍ നയങ്ങളില്‍ നിന്ന് പ്രയോജനം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മീഷന്റെ അടുത്ത യോഗം ഡിസംബര്‍ 12ന് ന്യൂഡല്‍ഹിയിലാണെന്നും തങ്ങളുടെ പദ്ധതികള്‍ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും കസാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കാന്‍ തീരുമാനിച്ചതായും പുടിന്‍ പറഞ്ഞു. 

കസാനിലെ സ്വീകരണത്തിന് പ്രധാനമന്ത്രി മോഡി പ്രസിഡന്റ് പുടിനോട് ഹൃദയംഗമമായ നന്ദി അറിയിച്ചു. കസാനില്‍ കോണ്‍സുലേറ്റ് തുറക്കുന്നത് ന്യൂഡല്‍ഹിയും മോസ്‌കോയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോസ്‌കോയ്ക്കും കീവിനും ഇടയിലുള്ള സമാധാനത്തിനായി ഇന്ത്യ 'ഏതു പങ്കും' വഹിക്കുമെന്ന് പറഞ്ഞു. ഈ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റുമായി താന്‍ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശ്നങ്ങള്‍ സമാധാനപരമായ രീതിയില്‍ പരിഹരിക്കപ്പെടണമെന്ന് വിശ്വസിക്കുന്നതായും സമാധാനവും സുസ്ഥിരതയും നേരത്തേ സ്ഥാപിക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും തങ്ങളുടെ എല്ലാ ശ്രമങ്ങളും മാനവികതയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും സാധ്യമായ എല്ലാ സഹകരണവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. 

ഒക്ടോബര്‍ 24 വരെ നടക്കുന്ന ഉച്ചകോടിയുടെ അധ്യക്ഷന്‍ റഷ്യയാണ്.