പുടിന്‍ ചൈനയില്‍; വിശ്വാസത്തിന്റേയും പരസ്പര ധാരണയുടേയും ബന്ധമെന്ന് വിശേഷണം

പുടിന്‍ ചൈനയില്‍; വിശ്വാസത്തിന്റേയും പരസ്പര ധാരണയുടേയും ബന്ധമെന്ന് വിശേഷണം


ബീജിംഗ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനയിലെത്തി. ബീജിംഗില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി മോസ്‌കോയും ബീജിംഗും തമ്മിലുള്ള ബന്ധം അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും പരസ്പര ധാരണയുടെയും തലത്തിലെത്തിയിരിക്കുകയാണ് എന്ന് പുടിന്‍ പറഞ്ഞു.

ലോക രാഷ്ട്രീയത്തില്‍ സ്ഥിരത ഉറപ്പാക്കുന്ന ശക്തിയായി റഷ്യ- ചൈന ബന്ധം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈന സന്ദര്‍ശനം അവസാനിച്ചതിന് പിന്നാലെയാണ് പുടിന്റെ ബീജിംഗ് സന്ദര്‍ശനം. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ അനിശ്ചിതത്വം ശക്തമായിരിക്കുന്ന സാഹചര്യവും ഈ കൂടിക്കാഴ്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

ട്രംപും ഷി ജിന്‍പിങും തമ്മിലുള്ള ഉച്ചകോടിയില്‍ വ്യാപാരം, നിര്‍മിത ബുദ്ധി, തായ്വാന്‍, ഇറാനെതിരായ അമേരിക്ക- ഇസ്രായേല്‍ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ ധാരണകളൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ എ ഐ വികസനത്തിലും ആഗോള ഭരണ സംവിധാനങ്ങളിലും സഹകരണം ശക്തിപ്പെടുത്താനാണ് റഷ്യയും ചൈനയും ശ്രമിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള 'സൗഹൃദ സഹകരണ ഉടമ്പടി'യുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുടിന്റെ സന്ദര്‍ശനം.

സന്ദര്‍ശനത്തിന് മുമ്പ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ മറ്റൊരു രാജ്യത്തിനെതിരായ സഖ്യമല്ല റഷ്യ- ചൈന ബന്ധമെന്നും സമാധാനത്തിനും ആഗോള സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണമാണെന്നും പുടിന്‍ പറഞ്ഞു.

ഐക്യരാഷ്ട്ര സഭ, ഷാങ്ഹായ് സഹകരണ സംഘടന, ബ്രിക്‌സ് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര വേദികളില്‍ റഷ്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പരമാധികാരവും ദേശീയ ഐക്യവും സംരക്ഷിക്കുന്ന വിഷയങ്ങളില്‍ പരസ്പരം പിന്തുണയ്ക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം റഷ്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക- നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ട്. 2020 മുതല്‍ 2024 വരെ ഇരുരാജ്യങ്ങളുടെയും വ്യാപാരം ഇരട്ടിയായി 245 ബില്യണ്‍ ഡോളറിലെത്തിയതായി മെര്‍ക്കേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈന സ്റ്റഡീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയില്‍ നിന്ന് ചൈനയിലേക്ക് എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. അതേസമയം ചൈനയില്‍ നിന്ന് യന്ത്രങ്ങള്‍, വാഹനങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ അടക്കമുള്ള നിര്‍മിത ഉത്ന്നങ്ങളാണ് റഷ്യ ഇറക്കുമതി ചെയ്യുന്നത്.

യു എസുമായി ഇരുരാജ്യങ്ങളും വ്യത്യസ്ത തലങ്ങളില്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച. ഇറാന്‍- അമേരിക്ക യുദ്ധവും അതിനെ തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധിയും റഷ്യയെയും ചൈനയെയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ നടക്കുന്ന ഷി- പുടിന്‍ കൂടിക്കാഴ്ചയെ ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദു എന്നാണ് ചൈനീസ് സര്‍ക്കാര്‍ അനുകൂല മാധ്യമമായ ഗ്ലോബല്‍ ടൈംസ് വിശേഷിപ്പിച്ചത്.