ഇക്കാര്യം പാകിസ്ഥാനില്‍ നിന്ന് പഠിക്കണം; ലാഹോറിലെ തെരുവുകള്‍ക്ക് പഴയ പേരുകള്‍ തിരിച്ചുകിട്ടുന്നു

ഇക്കാര്യം പാകിസ്ഥാനില്‍ നിന്ന് പഠിക്കണം; ലാഹോറിലെ തെരുവുകള്‍ക്ക് പഴയ പേരുകള്‍ തിരിച്ചുകിട്ടുന്നു


ഇസ്ലാമാബാദ്: വിഭജനത്തിന് ഏകദേശം എണ്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തിലെ നിരവധി തെരുവുകളും പ്രദേശങ്ങളും വീണ്ടും അവരുടെ പഴയ ഹിന്ദു, സിഖ്, ജൈന, കോളോണിയല്‍ കാലഘട്ടത്തിലെ പേരുകളിലേക്ക് മടങ്ങുന്നു. ഇസ്ലാംപുര ഇനി കൃഷ്ണ നഗറും ബാബരി മസ്ജിദ് ചൗക്ക് ജൈന മന്ദിര്‍ ചൗക്കും റഹ്മാന്‍ ഗലി വീണ്ടും റാം ഗലിയുമായി മാറി. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒന്‍പത് പ്രദേശങ്ങളിലെ പേരുകളാണ് വിഭജനത്തിന് മുമ്പുള്ളതിലേക്ക് മാറിയത്. മറ്റു നിരവധി പ്രദേശങ്ങള്‍ക്കും പഴയ പേരുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


പുനഃസ്ഥാപിച്ച ചില പ്രധാന പേരുകള്‍ ഇതൊക്കെയാണ്:

സുന്നത്ത് നഗര്‍- സന്ത് നഗര്‍, മൗലാനാ സഫര്‍ അലി ഖാന്‍ ചൗക്ക്- ലക്ഷ്മി ചൗക്ക്, മുസ്തഫാബാദ്- ധരംപുര, സിര്‍ ആഗാ ഖാന്‍ ചൗക്ക്- ഡേവിസ് റോഡ്, അല്ലാമ ഇക്ബാല്‍ റോഡ് - ജയില്‍ റോഡ്, ഫാത്തിമ ജിന്നാ റോഡ്- ക്വീന്‍സ് റോഡ്, ബാഗ്-എ-ജിന്നാ- ലോറന്‍സ് ഗാര്‍ഡന്‍സ്, ഇസ്ലാംപുര - കൃഷ്ണ നഗര്‍, ഹമീദ് നിസാമി റോഡ്-  ടെംപിള്‍ സ്ട്രീറ്റ്, നിഷ്തര്‍ റോഡ്- ബ്രാന്‍ഡ്രത്ത് റോഡ്, റഹ്മാന്‍ ഗലി- റാം ഗലി, ബാബരി മസ്ജിദ് ചൗക്ക്- ജൈന മന്ദിര്‍ റോഡ്, ഗാസിയാബാദ്- കുംഹാര്‍പുര, ജീലാനി റോഡ്- ഔട്ട്‌ഫോള്‍ റോഡ്, ഷഹ്‌റാ-ഇ-അബ്ദുല്‍ ഹമീദ് ബിന്‍ ബദീസ്- എംപ്രസ് റോഡ്. 

പഞ്ചാബ് സര്‍ക്കാരിന്റെ ലാഹോര്‍ ഹെറിറ്റേജ് ഏരിയ റിവൈവല്‍ പദ്ധതിയുടെ ഭാഗമായാണ് ഈ പേരുമാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്വപ്‌നപദ്ധതിയായ ഇത് 50 ബില്യണ്‍ പാകിസ്ഥാന്‍ രൂപ ചെലവില്‍ നടപ്പിലാക്കുന്ന വലിയ പൈതൃക പുനരുദ്ധാരണ പദ്ധതിയാണ്. നഗരത്തിന്റെ ചരിത്ര- സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2025-ല്‍ നവാസ് ഷെരീഫും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസും ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ പാകിസ്ഥാനും സ്വന്തം നഗരങ്ങളുടെ ചരിത്രപൈതൃകം സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ഇതിനിടെ, മിന്റോ പാര്‍ക്കില്‍ (ഇപ്പോള്‍ ഗ്രേറ്റര്‍ ഇക്ബാല്‍ പാര്‍ക്ക്) മൂന്ന് ക്രിക്കറ്റ് മൈതാനങ്ങളും ഒരു പരമ്പരാഗത അഖാരയും പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശവും നവാസ് ഷെരീഫ് മുന്നോട്ടുവച്ചിട്ടുണ്ട്. 2015-ല്‍ നഗരവികസനത്തിന്റെ പേരില്‍ ഈ മൈതാനങ്ങളും അഖാരയും പൊളിച്ചുനീക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

മുന്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം-ഉല്‍-ഹഖ് ഉള്‍പ്പെടെ നിരവധി ക്രിക്കറ്റര്‍മാര്‍ മിന്റോ പാര്‍ക്കിലെ ക്ലബ്ബുകളില്‍ പരിശീലനം നേടിയവരാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ലാലാ അമര്‍നാഥും വിഭജനത്തിന് മുമ്പ് ഇവിടെ പരിശീലനം നടത്തിയിരുന്നു.

അതേസമയം, ഈ പേരുമാറ്റങ്ങള്‍ക്കുപിന്നിലെ യഥാര്‍ഥ ഉദ്ദേശ്യത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകരില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ നേരിടുന്ന പാകിസ്ഥാന്‍ തങ്ങളുടെ മിതവാദവും ബഹുസ്വരവുമായ മുഖം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണിതെന്ന വിലയിരുത്തലുകളുണ്ട്.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ ആഗോള സ്ഥാപനങ്ങളുടെ നിരീക്ഷണത്തില്‍ തുടരുന്ന പാകിസ്ഥാന്‍, വിദേശ നിക്ഷേപകരുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും വിശ്വാസം നേടാന്‍ ഈ നീക്കം ഉപയോഗപ്പെടുത്തുകയാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.