അതിര്‍ത്തിയില്‍ സുസ്ഥിര സമാധാനം ലക്ഷ്യം; ചൈനയുമായി മികച്ച ബന്ധം പ്രതീക്ഷ-എസ്. ജയശങ്കര്‍

അതിര്‍ത്തിയില്‍ സുസ്ഥിര സമാധാനം ലക്ഷ്യം; ചൈനയുമായി മികച്ച ബന്ധം പ്രതീക്ഷ-എസ്. ജയശങ്കര്‍


ലണ്ടന്‍:  ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബഹുമാനിക്കപ്പെടുന്ന തരത്തിലുള്ള ഒരു സുസ്ഥിരമായ ബന്ധം ചൈനയുമായി വേണമെന്നാണ് ആഗ്രഹമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അതിര്‍ത്തികളിലെ സമാധാനവും സ്ഥിരതയും ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് ബുധനാഴ്ച ലണ്ടനിലെ ചാത്തം ഹൗസില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നമ്മുടെ താല്‍പ്പര്യങ്ങള്‍ ബഹുമാനിക്കപ്പെടുന്ന, നമ്മുടെ ആശയങ്ങള്‍ അംഗീകരിക്കപ്പെടുന്ന ഒരു സ്ഥിരതയുള്ള ബന്ധമാണ് ആവശ്യം. അതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന വെല്ലുവിളി,' ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് എസ്. ജയശങ്കര്‍ പറഞ്ഞു.

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും ഇരുരാജ്യങ്ങളുടെയും സൗഹൃദബന്ധത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020ല്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ചൈന നടത്തിയ നടപടികളും അതിന് ശേഷമുള്ള സാഹചര്യങ്ങളും ഇന്ത്യചൈന ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '2024 ഒക്ടോബറോടെ അടിയന്തരപ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗും തമ്മില്‍ കൂടിക്കാഴ്ചകള്‍ നടത്തി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഞാനും ചര്‍ച്ചകള്‍ നടത്തി. നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ചൈന സന്ദര്‍ശിച്ചിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു. ഇന്ത്യചൈന ബന്ധം സുസ്ഥിരമായി നിലനിര്‍ത്തുന്നതിനായി ഇരുരാജ്യങ്ങളും പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കൈലാസത്തിലേക്കുള്ള തീര്‍ത്ഥാടനം പുനഃരാരംഭിക്കല്‍, നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അതിര്‍ത്തികളിലെ നദികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുന്നു. വളരെ വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമാണിത്. ഈ പ്രശ്‌നങ്ങള്‍ സമീപഭാവിയില്‍ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,' ജയശങ്കര്‍ പറഞ്ഞു.

'സവിശേഷബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ഇന്ത്യയും ചൈനയും. ലോകത്ത് ഒരു ബില്യണിലധികം ജനസംഖ്യയുള്ള രണ്ട് രാജ്യം കൂടിയാണിത്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ഇന്ന് വികസനത്തിന്റെ പാതയിലാണ് ഇരുരാജ്യങ്ങളും,' അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയം, രൂപയുടെ അന്തര്‍ദേശീയവല്‍ക്കരണം, ആഗോള സമ്പദ് വ്യവസ്ഥയില്‍ ഡോളറിന്റെ പങ്ക്, ഈ വിഷയങ്ങളിലെ ബ്രിക്‌സ് രാജ്യങ്ങളുടെ നിലപാട് എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്തു.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി യുകെയിലെത്തിയതാണ് എസ്. ജയശങ്കര്‍. മാര്‍ച്ച് നാലു മുതല്‍ മാര്‍ച്ച് 9 വരെയാണ് അദ്ദേഹം യുകെയിലും അയര്‍ലാന്റിലും സന്ദര്‍ശനം നടത്തുക. ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.