അസ്വീകാര്യം: എസ് ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ അപലപിച്ച് യുകെ

അസ്വീകാര്യം: എസ് ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ അപലപിച്ച് യുകെ


ലണ്ടന്‍: ലണ്ടനില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ സന്ദര്‍ശനം തടസ്സപ്പെടുത്താന്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമത്തെ അപലപിച്ച് യുകെ.

ബുധനാഴ്ച, ഒരു ചര്‍ച്ചയ്ക്ക് ശേഷം ജയ്ശങ്കര്‍ ചാത്തം ഹൗസ് വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് സുരക്ഷാ ലംഘനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ ഒരാള്‍ അദ്ദേഹത്തിന്റെ കാറിനടുത്തേക്ക്  ഓടിവന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയും ഇന്ത്യന്‍ ദേശീയ പതാക വലിച്ചുകീറുകയും ചെയ്തു.

പൊതു പരിപാടികളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പൂര്‍ണ്ണമായും അസ്വീകാര്യമാണെന്ന് യുകെയുടെ വിദേശകാര്യ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് (എഫ്‌സിഡിഒ) പറഞ്ഞു.

'വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദര്‍ശനത്തിനിടെ ഇന്നലെ ചാത്തം ഹൗസിന് പുറത്ത് നടന്ന സംഭവത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം യുകെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, പൊതു പരിപാടികളെ ഭീഷണിപ്പെടുത്താനോ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും പൂര്‍ണ്ണമായും അസ്വീകാര്യമാണ്,- വ്യാഴാഴ്ച എഫ്‌സിഡിഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സാഹചര്യം പരിഹരിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്, വേഗത്തില്‍ പ്രവര്‍ത്തിച്ചു. അന്താരാഷ്ട്ര ബാധ്യതകള്‍ക്ക് അനുസൃതമായി 'ഞങ്ങളുടെ എല്ലാ നയതന്ത്ര സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

'പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ' അപലപിച്ചുകൊണ്ട് സുരക്ഷാ ലംഘനത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവത്തില്‍ യുകെയുടെ പ്രതികരണം വന്നത്.

ഒരു ചെറിയ കൂട്ടം 'വിഘടനവാദികളും തീവ്രവാദികളും' നടത്തിയ 'ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ' ദുരുപയോഗത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ വിമര്‍ശിക്കുകയും യുകെക്ക് കര്‍ശനമായ സന്ദേശം നല്‍കുകയും ചെയ്തു.

വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദര്‍ശന വേളയില്‍ സുരക്ഷാ ലംഘനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഈ ചെറിയ കൂട്ടത്തിന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. അത്തരം ഘടകങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആതിഥേയ സര്‍ക്കാര്‍ അവരുടെ നയതന്ത്ര ബാധ്യതകള്‍ പൂര്‍ണ്ണമായും നിറവേറ്റുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.


മാര്‍ച്ച് 4 മുതല്‍ 9 വരെയാണ് എസ് ജയ്ശങ്കറിന്റെ ഔദ്യോഗിക യുകെ സന്ദര്‍ശനം.